കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
കുനൂര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. വരുണ്‍ സിങിന്റെ നില അതീവഗുരുതരമായി തുടരുകയാണെങ്കിലും നില കൂടുതല്‍ മോശമാകുന്നില്ലെന്നായിരുന്നു വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ വരുണ്‍ സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം വെല്ലിങ്ടണിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനായി റോഡ് മാര്‍ഗം സുലൂര്‍ വ്യോമത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് അദ്ദേഹത്തെ വ്യോമമാര്‍ഗം ബെംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് തമിഴ്‌നാട്ടില്‍ ഊട്ടിയ്ക്ക് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ മി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പത്‌നി മധുലിക റാവത്തും 11 മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ജീവനോടെ രക്ഷപെട്ട ഒരേയൊരു ഉദ്യോഗസ്ഥനായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ