Advertisement
Entertainment
എന്റെ ആ രണ്ട് മലയാളസിനിമകള്‍ കൂടുതല്‍ ആളുകള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 02, 07:13 am
Sunday, 2nd March 2025, 12:43 pm

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു.

പിന്നീട് മലയാളത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ ചെയ്യാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു. കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ ചെയ്ത ചിത്രങ്ങളില്‍ അര്‍ഹിച്ച പ്രേക്ഷക പിന്തുണ ലഭിക്കാതെപോയ രണ്ട് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ കൂടുതല്‍ ആള്‍ക്കാര്‍ കാണണം എന്നാഗ്രഹിക്കുന്ന നിങ്ങളുടെ ചിത്രം ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയാമണി.

ഒറ്റ നാണയം, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ തുടങ്ങിയ തന്റെ രണ്ട് മലയാള ചിത്രങ്ങള്‍ കൂടുതല്‍ ആളുകള്‍ കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് പറയുകയാണ് പ്രിയാമണി. ആ സിനിമകള്‍ക്ക് അര്‍ഹിച്ച ജനപിന്തുണയോ അംഗീകാരമോ ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് താന്‍ ഈ സിനിമകള്‍ തെരഞ്ഞെടുത്തതെന്നും നടി അഭിമുഖത്തിനിടയില്‍ വ്യക്തമാക്കി.

‘ഒറ്റനാണയം, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്നീ എന്റെ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകര്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ആ ചിത്രങ്ങള്‍ അര്‍ഹിച്ചിരുന്ന അംഗീകാരം ഒരിക്കലും കിട്ടിയിരുന്നില്ല,’ പ്രിയാമണി പറഞ്ഞു.

സുരേഷ് കണ്ണന്‍ സംവിധാനം ചെയ്ത് കലൂര്‍ ഡെന്നീസ് രചന നിര്‍വ്വഹിച്ച് 2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഒറ്റ നാണയം . ഡിനു ഡെന്നിസും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഹരിശ്രീ അശോകനും ജഗതിയും പ്രധാനപ്പെട്ട റോളുകളില്‍ അഭിനയിച്ചിരുന്നു.

സിബി മലയില്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ കുടുംബ ചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇവര്‍ക്ക് പുറമെ നരേന്‍, ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, ലെന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlight: I wish more people would watch those two Malayalam films of mine says  Priyamani