പറ്റ്‌ന: അയോധ്യ ഭൂമി പൂജയില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷ ഓര്‍ത്തെന്ന് ബി.ജെ.പി നേതാവ് ഉമ ഭാരതി. മോദി ജിയുടെ അടക്കം ആരോഗ്യ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഉമ ഭാരതി പറഞ്ഞു.
‘ അമിത് ഷായ്ക്കും മറ്റ് ചില ബി.ജെ.പി നേതാക്കള്‍ക്കും കൊവിഡ് പിടിപെട്ടു എന്ന വാര്‍ത്ത കേട്ടതുമുതല്‍ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയില്‍ പങ്കെടുക്കുന്ന നരേന്ദ്ര മോദിജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കാര്യത്തില്‍ എനിക്ക് ആശങ്കയാണ്.
ചടങ്ങ് നടക്കുമ്പോള്‍ സരയു നദിക്കരയില്‍ നില്‍ക്കാനുള്ള അനുമതി എനിക്ക് തരണമെന്ന് രാം ജന്മഭൂമി സംഘാടകരോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭോപ്പാലില്‍ നിന്ന് ഇന്ന് യാത്ര പുറപ്പെടാനാണ് ആലോചിക്കുന്നത്.
അയോധ്യയില്‍ എത്തുന്നത് വഴി കൊവിഡ് പോസിറ്റീവാകുന്ന ചിലരുമായി എനിക്ക് ചിലപ്പോള്‍ ബന്ധപ്പെടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിജിയും നൂറ് കണക്കിന് ആളുകളും പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. ചടങ്ങിനെത്തിയ ആളുകളെല്ലാം അവിടെ നിന്ന് മടങ്ങിയ ശേഷം ഞാന്‍ രാംലല്ലയില്‍ എത്തും’, എന്നായിരുന്നു ഉമ ഭാരതി ട്വീറ്റ് ചെയ്തത്.
ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്നും തന്റെ പേര് നീക്കം ചെയ്യാന്‍ സംഘാടകരോട് ആവശ്യപ്പെട്ടതായും ഉമ ഭാരതി പറഞ്ഞു.
1996 ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നും പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ തീര്‍ച്ചയായും എത്തുമെന്നും കഴിഞ്ഞ ദിവസം ഉമ ഭാരതിയും കല്യാണ്‍ സിങ്ങും പ്രതികരിച്ചിരുന്നു.
മസ്ജിദ് പൊളിച്ച കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരാണ് പ്രമുഖ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, ഉമാഭാരതി മുരളി മനോഹര്‍ ജോഷി എന്നിവര്‍.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന ഉമ ഭാരതിയുടെ മൊഴിയും കോടതി കഴിഞ്ഞ രേഖപ്പെടുത്തിയിരുന്നു. കേസിലെ വിധി എന്ത് തന്നെയായാലും അത് തനിക്ക് പ്രശ്മല്ലെന്നായിരുന്നു ഉമ ഭാരതി പ്രതികരിച്ചത്.
‘ മൊഴി രേഖപ്പെടുത്താനായി കോടതി വിളിപ്പിച്ചിരുന്നു. എന്താണ് സത്യമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തു തന്നെയായാലും അതെനിക്ക് പ്രശ്നമല്ല. എന്നെ തൂക്കിലേറ്റാന്‍ വിധിച്ചാല്‍ പോലും അത് എനിക്ക് ലഭിക്കുന്ന അനുഗ്രഹമായി ഞാന്‍ കണക്കാക്കും’, എന്നായിരുന്നു ഉമ ഭാരതിയുടെ പ്രതികരണം.
അതേസമയം അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും, മുരളി മനോഹര്‍ ജോഷിക്കും ക്ഷണം ലഭിച്ചില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇരുവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുമെന്നും മറ്റു നേതാക്കളെ ക്ഷണിച്ചതുപോലെ തന്നെ ഇവരേയും ഫോണില്‍ ബന്ധപ്പെടുമെന്നുമായിരുന്നു പിന്നീട് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക