ജയ്പൂര്‍: അഴിമതി രാഷ്ട്രീയത്തിന് ഇന്ത്യയിലും രാജസ്ഥാനിലും ഇടം നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. തന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഴിമതിക്കും അഴിമതി രാഷ്ട്രീയത്തിനും ഇന്ത്യയിലും രാജസ്ഥാനിലും ഇടം നല്‍കരുത്. യുവജനങ്ങള്‍ നിരാശരായാല്‍ രാജ്യത്ത് വികസനം ഉണ്ടാകുകയില്ല,’ അദ്ദേഹം പറഞ്ഞു.
യുവജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും ശരിയായ രാഷ്ടീയമാണ് വേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.
‘യുവജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടെയുള്ള ആളുകള്‍ എന്നും എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. എന്റെ ശബദം ഒരിക്കലും ദുര്‍ബലമല്ല. ഞാനൊരിക്കലും പിറകോട്ട് പോകുകയുമില്ല. യുവജനങ്ങളുടെ ഭാവിവെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല. എന്റെ നയം വ്യക്തമാണ്. ശരിയായ രാഷ്ടീയമാണ് വേണ്ടത്,’ സച്ചിന്‍ പറഞ്ഞു.
ആരെയും അപകീര്‍ത്തിപ്പെടുത്താനല്ല ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും രാഷ്ടീയത്തില്‍ അഭിപ്രായം പറയുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ഭരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ ആരെയും കുറ്റപ്പെടുത്താതെ നമ്മള്‍ അത് മാറ്റിയെടുക്കണം. ഞാനെന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ആരെയും അപകീര്‍ത്തിപ്പെടുത്താനല്ല. രാഷ്ട്രീയത്തില്‍ നിങ്ങളുടെ അഭിപ്രായം പറയുകയെന്നത് പ്രധാനപ്പെട്ടതാണ്,’ സച്ചിന്‍ പറഞ്ഞു.
നേരത്തേ, പിതാവ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ പരിപാടിയില്‍ സച്ചിന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അദ്ദേഹം പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരിപാടിക്ക് മുന്‍പ് തന്നെ സച്ചിന്റെ അനുയായികള്‍ തള്ളിയിരുന്നു.
പാര്‍ട്ടി രൂപീകരണത്തെ തള്ളിക്കൊണ്ട് തങ്ങള്‍ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. സച്ചിന്‍ പൈലറ്റുമായി താന്‍ ബന്ധപ്പെട്ടിരുന്നെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തന്നെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
‘അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. അത് നിങ്ങളുടെ വെറും ധാരണയാണ്. ഞങ്ങള്‍ ഏറെ ശുഭാപ്തി വിശ്വാസത്തിലാണുള്ളത്. നിങ്ങള്‍ ഒന്നിലും ആശങ്കപ്പെടേണ്ട. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഒന്നിച്ച് പോരാടും,’ എന്നായിരുന്നു വേണുഗോപാല്‍ പ്രതികരിച്ചത്.
അതേസമയം, കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായും സച്ചിന്‍ പൈലറ്റുമായും ചര്‍ച്ച നടത്തിയിരുന്നു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാന്‍ ഇരുവരും സമ്മതിച്ചതായും പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചതായും ചര്‍ച്ചക്ക് ശേഷം പാര്‍ട്ടി അറിയിച്ചിരുന്നു.
എന്നാല്‍ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയില്‍ അന്വേഷണം വേണമെന്നത് ഉള്‍പ്പെടെ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിലെല്ലാം പരിഹാരം വേണമെന്നാണ് സച്ചിന്റെ നിലപാടെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഈ വിഷയങ്ങളിലൊന്നും പരിഹാരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ പുനഃസംഘടിപ്പിക്കണമെന്നും പുതിയ നിയമനങ്ങള്‍ നടത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയത് മൂലം പ്രശ്‌നം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.
Content Highlight: I want clear politics: Sachin pilot