ISL
പെക്കൂസന്റെ പെനാല്‍റ്റി തടയാനായി അവസാന സെക്കന്‍ഡ് വരെ കാത്തു നിന്നു: കേരളത്തിന്റെ വിധി നിര്‍ണയിച്ച പ്രകടനത്തെ കുറിച്ച് മനസു തുറന്ന് കരണ്‍ജിത്ത് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2018 Feb 26, 07:38 am
Monday, 26th February 2018, 1:08 pm

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മുടക്കിയ പ്രകടനത്തെ കുറിച്ച് മനസ് തുറന്ന് ചെന്നൈയിന്‍ എഫ്.സി താരം കരണ്‍ജിത്ത് സിങ്. പെനാല്‍റ്റി തടയുമ്പോള്‍ അവസാന നിമിഷം വരെ കാത്തിരിക്കണമെന്ന് ഗോള്‍ കീപ്പിങ് കോച്ച് ടോണി വാര്‍ണര്‍ പറയാറുണ്ടെന്നും അതുപോലെ കാത്ത് നില്‍ക്കുകയും പെനാല്‍റ്റി സേവ് ചെയ്യുകയുമായിരുന്നെന്ന് കരണ്‍ജിത്ത് പറഞ്ഞു.

പെനാല്‍റ്റി തടഞ്ഞത് വളരെ സന്തോഷം നല്‍കുന്നതാണെന്നും ഈ സേവ് വരും കളികളില്‍ ആത്മവിശ്വാസം പകരുമെന്നും കരണ്‍ജിത്ത് സിങ് പറഞ്ഞു. ഗോള്‍ കീപ്പിങ് കോച്ച് ടോണി വാര്‍ണര്‍ക്ക് കീഴില്‍ വളരെയധികം കഠിനാദ്ധ്വാനം ചെയ്യാറുണ്ടെന്നും കളി നന്നായതിന് അദ്ദേഹത്തിന് നന്ദി പറയുന്നതായും കരണ്‍ജിത്ത് പറഞ്ഞു.

53ാം മിനുട്ടില്‍ ചെന്നൈ ഗോള്‍ മുഖത്തെത്തിയ ബാള്‍ഡ്വിന്‍സണെ ജെറി ലാല്‍റിന്‍സ്വേല ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സിന് പെനാല്‍റ്റി അവസരം ലഭിച്ചിരുന്നത്. എന്നാല്‍ പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ച പെക്കൂസന്റെ ഷോട്ട് കരണ്‍ജിത്ത് സിങ് തടുക്കുകയായിരുന്നു.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ 11 ഷോട്ടുകളാണ് കരണ്‍ജിത്ത് തടഞ്ഞു നിര്‍ത്തിയിരുന്നത്.