ജയ്പൂര്‍: ഉത്തര്‍പ്രദേശിലേക്ക് താന്‍ തിരിച്ചുവരുമെന്ന് ഡോ. കഫീല്‍ ഖാന്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ജയ്പൂരിലേക്ക് പോയതെന്നും അല്ലാതെ ആരെയും പേടിച്ച് ഓടിപ്പോയതല്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
” ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ തീരുമാനിച്ചത് കൊണ്ടാണ് ജയ്പൂരിലേക്ക് വന്നത്. എനിക്ക് ഭയമില്ല, ഞാന്‍ തിരിച്ചു പോകും. ഗോരഖ്പൂര്‍ എന്റെ ജന്മസ്ഥമാണ്, ഞാനത് ഉപേക്ഷിക്കില്ല” അദ്ദേഹം പറഞ്ഞു.
ഡോ. കഫീല്‍ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കഫീല്‍ ഖാന്റെ പ്രതികരണം. നേരത്തെയും അദ്ദേഹം യു.പിയിലേക്ക് തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ സെപ്തംബര്‍ ഒന്നിന് ഡോക്ടര്‍ കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനൊപ്പം അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയായും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
ഇതിന് പിന്നാലെയാണ് ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ യോഗി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക