അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് തന്നെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. തന്നെ മുറിയില്‍ നിന്നുപോലും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ നില്‍ക്കവേയാണ് പൊലീസ് അദ്ദേഹത്തെ തടങ്കലിലാക്കുന്നത്.
ജിഗ്നേഷ് മേവാനി തന്നെയാണ് പൊലീസ് തന്നെ തടവിലാക്കിയിരിക്കുന്ന വിവരം സോഷ്യല്‍ മീഡിയയയിലൂടെ അറിയിച്ചത്. ഗുജറാത്തില്‍ ജനാധിപത്യത്തിന്റെ നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു. പ്രദേശത്ത് പ്രഖ്യാപിച്ച 144 ലംഘിച്ചെന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ ചുമത്തിയത്.
നേരത്തെ ഹാത്രാസിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരെ പൊലീസ് കയ്യേറ്റം നടത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടത്.
പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക