ന്യൂദല്‍ഹി: കത്‌വാ കേസില്‍ ഒന്നര ലക്ഷം രൂപ ഫീസായി വാങ്ങിയെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് ദീപിക സിംഗ് രജാവത്ത്. ദീപിക പണം ആവശ്യപ്പെട്ടുവെന്ന് കത്‌വാ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞതിന് പിന്നാലെയാണ് ദീപിക ഫീസ് വാങ്ങിയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ചത്.
കത്‌വാ കേസില്‍ കുടുംബത്തിന് 20 ലക്ഷത്തില്‍ അധികം രൂപ സഹായമായി ലഭിച്ചതിനാല്‍ അവര്‍ തന്നെ ബലാത്സംഗ കേസുകളിലെ കോടതി വിചാരണയുമായി ബന്ധപ്പെട്ട് താന്‍ സംഘടിപ്പിച്ച സെമിനാറിന് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്തിരുന്നുവെന്ന് ദീപിക പറഞ്ഞു. ഇത് താന്‍ ചോദിച്ചിട്ടല്ലെന്നും കുടുംബം മുന്നോട്ട് വന്ന് തന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡൂള്‍ ന്യൂസിനോടായിരുന്നു ദീപികയുടെ പ്രതികരണം.
കേസിന് ഫീസ് വാങ്ങാനായിരുന്നു ഹാജരായതെങ്കില്‍ താനെന്തിന് ഒന്നര ലക്ഷം രൂപമാത്രം വാങ്ങണമെന്നും അവര്‍ ചോദിച്ചു.
തന്റെ നേതൃത്വത്തിലുള്ള ‘വോയിസ് ഫോര്‍ റൈറ്റ്‌സ്’ എന്ന എന്‍.ജി.ഒയാണ് പരിപാടി സംഘടിപ്പിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അനുരാധ ബാസിന്‍ ജംവാള്‍, അഭിഭാഷക ഇന്ദിര ജയ്‌സിംഗ്, ജമ്മുകശ്മീര്‍ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ നയീമ മെഹ്ജൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത പരിപാടിയായിരുന്നു അതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
കത്‌വാ ഉന്നാവോ കേസുകളില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വെളിപ്പെടുത്തലുമായി അഭിഭാഷക ദീപിക സിംഗ് രജാവത്ത് നേരത്തെയും മുന്നോട്ട് വന്നിരുന്നു. കത്‌വാ കേസ് താന്‍ പൂര്‍ണമായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞത്.