കോഴിക്കോട്: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. “ഐ ആം നോട്ട് എ നമ്പര്‍” എന്ന ഹാഷ് ടാഗിലാണ് ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ പേരും ഫോട്ടോയും പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി കാംപെയിന്‍ നടക്കുന്നത്.
ലൈംഗീകമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ അന്തസിനെ മാനിക്കണമെന്ന് കാട്ടി സുപ്രീം കോടതി, കഠ്‌വയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ പേരും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു. കുറ്റവാളികള്‍ നടത്തുന്ന റേപ്പുകള്‍ എങ്ങിനെയാണ് ആക്രമിക്കപ്പെട്ടവരുടെ അഭിമാനത്തെ ബാധിക്കുകയെന്ന് കാംപെയ്‌നില്‍ ചോദിക്കുന്നു. കടുത്ത പുരുഷാധിപത്യ ബോധമാണ് ഇത്തരം നിരീക്ഷണങ്ങള്‍ക്കു പിന്നിലെന്നും അവര്‍ വ്യക്തമാക്കി.
താന്‍ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്താല്‍ തന്റെ പേര് വെളിപ്പെടുത്തുകയും ഫോട്ടോ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക എന്ന് കാംപെയ്‌നില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു. പൊതുബോധത്തില്‍ നിന്ന് തങ്ങളുടെ പേരുകള്‍ മായ്ച്ച് കളയാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ബലാത്സംഗമെന്ന നികൃഷ്ട പ്രവര്‍ത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം തങ്ങളുടെ മരണശേഷവും തുടരാനാണ് ആഗ്രഹിക്കുന്നത്. നീതി ലഭിക്കും വരേയും പേരുകള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കണമെന്നും പോരാടണമെന്നും അവര്‍ വ്യക്തമാക്കി.
തങ്ങളുടെ പേരുവിവരങ്ങള്‍ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മറ്റൊരാളെ അനുവദിക്കില്ല. തങ്ങളുടെ അഭിമാനത്തെ അളക്കാനുള്ള അര്‍ഹതയും മറ്റൊരാള്‍ക്ക് കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിര്‍വചനങ്ങള്‍ തുലയട്ടെ, കാംപെയ്‌നില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസയുടെ പോസ്റ്റില്‍ നിന്ന് തുടങ്ങി നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയ കാംപെയിന് ഭാഗമായിരിക്കുന്നത്. ക്രൈം പട്ടികകളിലെ കേവലം നമ്പറുകള്‍ മാത്രമല്ല തങ്ങളെന്ന് സൂചിപ്പിച്ചാണ് ഐ ആം നോട്ട് എ നമ്പര്‍ എന്ന കാംപെയ്ന്‍ നടക്കുന്നത്.