'അദ്ദേഹത്തെ എനിക്ക് അലിഗഢ് മുതല്‍ അറിയാം, എന്തു ചിന്തിക്കുന്നുവെന്നതു ഞാന്‍ ഒട്ടും കാര്യമാക്കുന്നില്ല'; ഗവര്‍ണര്‍ക്കെതിരെ ഇര്‍ഫാന്‍ ഹബീബ്
CAA Protest
'അദ്ദേഹത്തെ എനിക്ക് അലിഗഢ് മുതല്‍ അറിയാം, എന്തു ചിന്തിക്കുന്നുവെന്നതു ഞാന്‍ ഒട്ടും കാര്യമാക്കുന്നില്ല'; ഗവര്‍ണര്‍ക്കെതിരെ ഇര്‍ഫാന്‍ ഹബീബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 1:55 pm

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് രംഗത്ത്. ചരിത്ര കോണ്‍ഗ്രസില്‍ തികഞ്ഞ അസഹിഷ്ണുതയാണു പ്രകടിപ്പിച്ചതെന്ന ഗവര്‍ണറുടെ വാദത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ എന്തു ചിന്തിക്കുന്നുവെന്നതു താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അദ്ദേഹം എന്തു ചിന്തിക്കുന്നുവെന്നതു ഞാന്‍ ഒട്ടും കാര്യമാക്കുന്നില്ല. അദ്ദേഹത്തെ എനിക്ക് അലിഗഢ് മുതല്‍ അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം എന്നെക്കുറിച്ച് എത്ര മോശമായി ചിന്തിക്കുന്നുവോ, അത്രത്തോളം ഞാന്‍ സംതൃപ്തനാണ്,’ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായ ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെ പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞ അദ്ദേഹം, തങ്ങളെ തടഞ്ഞതില്‍ കേരളാ സര്‍ക്കാരാണു മറുപടി പറയേണ്ടതെന്നു കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തിനാണ് പൊലീസ് തന്നെ തടയുകയും തള്ളിമാറ്റുകയും ചെയ്തതെന്നു ചോദിച്ച അദ്ദേഹം, കേരളാ സര്‍ക്കാരാണ് ഉത്തരം നല്‍കേണ്ടതെന്നു വ്യക്തമാക്കി.

‘നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനത്ത് ഗവര്‍ണര്‍ക്കല്ലല്ലോ പൊലീസിന്റെ നിയന്ത്രണം. പക്ഷേ ചരിത്ര കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങളില്‍ ഇടപെട്ടതിന് പൊലീസിനെ കുറ്റക്കാരാക്കുകയാണ് കേരളാ സര്‍ക്കാര്‍ ചെയ്തത്. കേരളാ സര്‍ക്കാരിന് എന്തോ തെറ്റു പറ്റിയിട്ടുണ്ട്.

ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ പൊലീസ് ഉണ്ടാവുക എന്നത് സാധാരണമാണെന്നാണ് കേരളാ സര്‍ക്കാര്‍ വിചാരിക്കുന്നത്. അവര്‍ക്കെന്തു പറ്റി?,’ അദ്ദേഹം ചോദിച്ചു.

ഇത് ചരിത്ര കോണ്‍ഗ്രസാണ്. അത് ചരിത്രകാരന്മാരുടേതാണ്. അവരോടു യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ വരാന്‍ പാടില്ലായിരുന്നു. ചരിത്രകാരന്മാരെ കേള്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റും ലൈബ്രറികളും വീടുകളില്‍ വരാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടാല്‍ നിങ്ങള്‍ നിശബ്ദരായിരിക്കുമോ? ഇതാണു പ്രശ്നം. ഗവര്‍ണര്‍ ഈ പ്രശ്നം വഴിതിരിച്ചു വിടാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.