ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍; സജി ചെറിയാന്‍ നിയമസഭയില്‍
Kerala News
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍; സജി ചെറിയാന്‍ നിയമസഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th July 2022, 10:48 am

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രത്യേക വിശദീകണവുമായി മുന്‍ മന്ത്രി സജി ചെറിയാന്‍ എം.എല്‍.എ. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തില്‍ അദ്ദേഹം സഭയില്‍ ഖേദപ്രകടനം നടത്തി.

തന്റെ പ്രസംഗം ശരിക്കും വളച്ചൊടിച്ചതാണ്. പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സമത്വത്തിന് വേണ്ടിയുള്ള അവകാശം, സ്വതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം തുടങ്ങിയവയെക്കുറിക്കുറിച്ചാണ് സംസാരിച്ചത്. മാര്‍ക്‌സിസം നിരീക്ഷിക്കുന്ന അടിമത്തം, മുതലാളിത്തം, നാടുവായിത്തം, സോഷ്യലിസം, കമ്മ്യൂണിസം എന്നീ മനുഷ്യരാശിയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹിക വികാസത്തെക്കുറിച്ച് ശരിയായി പറഞ്ഞത് മാര്‍ക്‌സ് ആണെന്നും ഞാന്‍ പറയുകയുണ്ടായി.

തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ ഭൂരിപക്ഷം പോലും പരിഗണിക്കാതെ അട്ടിമറിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെ കടന്നാക്രമണം നടത്തുകായാണ്. ഇതിനൊക്കെ എതിരായിയിരുന്നു തന്റെ പ്രസംഗമെന്നും സജി ചെറിയാന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കെതിരെ ഞാന്‍ എന്റേതായ വാക്കുകള്‍ പ്രകടിപ്പിച്ചതാണ്. ചില ആശങ്കകളെ പ്രതിരോധിക്കാന്‍ ഭരണഘടനക്ക് കഴിയുന്നില്ലെന്ന സംശയമുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഭരണഘടന സംരക്ഷിക്കണം എന്നതാണ് നിലപാട്. പ്രസ്ഥാനത്തിനും ഇതേ ബോധ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ ചട്ടം 64 അനുസരിച്ചാണ് സജി ചെറിയാന്‍ വ്യക്തിപരമായ പരാമര്‍ശം നടത്തിയത്. ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ ഇതിന് മുമ്പ് ഖേദപ്രകടനം നടത്തിയിരുന്നില്ല.