Kerala News
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 06:04 am
Monday, 7th April 2025, 11:34 am

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ശ്രീനാഥ് ഭാസി. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.

എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും നീക്കം തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഇന്ന് (തിങ്കള്‍) കോടതി ഹരജി പരിഗണിക്കുമെന്നാണ് വിവരം.

ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്.

കസ്റ്റഡിയിലായ തസ്‌ലീമ സുൽത്താന എന്ന യുവതിയുടെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള സിനിമാതാരങ്ങളുമായി യുവതിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ എക്സൈസിന് വിവരങ്ങള്‍ ലഭിക്കുന്നത്.

പിന്നാലെ ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ളവരെ വിളിച്ച് വരത്തുമെന്നും നോട്ടീസ് അയക്കുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഭയമുണ്ടെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.

കോഴിക്കോട് സിനിമാ സെറ്റില്‍ വെച്ചാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും ആരാധികയാണെന്ന് പറഞ്ഞതുകൊണ്ടാണ് അവരുടെ നമ്പര്‍ സേവ് ചെയ്തതെന്നുമാണ് ഭാസി ജാമ്യാപേക്ഷയില്‍ പറയുന്നത്.

ഏപ്രിൽ ഒന്നിന് കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്‌ലീമ വിളിച്ചിരുന്നു. പക്ഷെ താൻ കോൾ കട്ട് ചെയ്തു. പിന്നീട് വാട്‌സ്ആപ്പില്‍ ആവശ്യമുണ്ടോ എന്ന് മെസേജ് അയച്ചുവെന്നും കളിയാക്കാനാണെന്ന് കരുതി വെയ്റ്റ് എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി അപേക്ഷയില്‍ പറയുന്നുണ്ട്.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരും ഉണ്ടായിരുന്നു. തസ്ലീമ ഷൈന്‍ ടോമിനും കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നത്.

Content Highlight: Hybrid cannabis case in Alappuzha; Sreenath Bhasi files anticipatory bail plea in High Court