പ്രീത ഷാജിക്കു വേണ്ടി സമരം ചെയ്ത് അറസ്റ്റിലായവര്‍ നാളെ ജയിലില്‍ നിരാഹാരം കിടക്കും
Kerala News
പ്രീത ഷാജിക്കു വേണ്ടി സമരം ചെയ്ത് അറസ്റ്റിലായവര്‍ നാളെ ജയിലില്‍ നിരാഹാരം കിടക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2018, 11:25 pm

കൊച്ചി: മാനാത്തുപാടം പ്രീത ഷാജിയുടെ ജപ്തി തടഞ്ഞതിന്റെ പേരില്‍ ജയിലിലടച്ച സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരെയുള്ള സമരസമിതി പ്രവര്‍ത്തകര്‍ നാളെ ജയിലില്‍ നിരാഹാരം കിടക്കും.

പതിനാലു പേരെയാണ് സമരത്തില്‍ പങ്കെടുത്തതിന് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഈ മാസം ഒമ്പതാം തിയ്യതിയും അതിനു ശേഷവും ജയിലിലടച്ചവരാണ് നാളെ നിരാഹാരം അനുഷ്ഠിക്കുക.

സര്‍ക്കാര്‍ പ്രീത ഷാജിയുടെ കുടുംബത്തിനൊപ്പമാണ് എന്ന് പറയുമ്പോഴും ജയിലിലായ സമരസമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കൈകൊള്ളുന്നതെന്ന് സമരസമിതി ചെയര്‍മാന്‍ സി.എസ് മുരളി ശങ്കര്‍ പറയുന്നു.


Read:  ഓഖി ദുരന്തത്തിന് പ്രത്യേക പാക്കേജില്ല; 209.50 കോടി നല്‍കി, ഇനി സഹായമില്ലെന്ന് കേന്ദ്രം


എന്നാല്‍, ഇതേ കാരണം കൊണ്ടുതന്നെ അറസ്റ്റിലായ 25 സി.പി.ഐ.എം പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നും സി.എസ് മുരളി പറഞ്ഞു.

സമരത്തെ തകര്‍ത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കാനുള്ള ബോധപൂര്‍വമായ ഗൂഢാലോചനയാണ് പ്രീതാ ഷാജിയെ കുടിയൊഴിപ്പിക്കാനുള്ള നടപടിയെന്ന് സമരസമിതി ആരോപിച്ചു.

സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിലാണ് പ്രീത ഷാജിയും കുടുംബവും ജപ്തി ഭീഷണി നേരിടുന്നത്. കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചതോടെ വിഷയം ജനശ്രദ്ധ നേടി.

രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം.