ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രതിജ്ഞയെടുത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പുതുവര്‍ഷം ആരംഭിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ”ഭരണഘടനയെ പ്രതിരോധിക്കുക” എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രതിജ്ഞ.
തലസ്ഥാനത്തിന്റെ മറ്റ് രണ്ട് ഭാഗങ്ങളിലും പ്രതിഷേധം നടന്നിരുന്നു. ഷഹീന്‍ ബാഗിലെ ഒരു വനിതാ പ്രതിഷേധം ന്യൂ ഇയര്‍ അര്‍ദ്ധരാത്രിയില്‍ പതിനേഴാം ദിവസം കടന്നപ്പോള്‍, പാര്‍ലമെന്റ് സ്ട്രീറ്റിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ ഒരു സംഘം പ്രത്യേക പ്രകടനം നടത്തി.
‘പൗരത്വഭേദഗതി, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവയ്ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ഭരണഘടനയെ പ്രതിരോധിക്കുക എന്നതാണ് ഞങ്ങളുടെ പുതുവത്സര പ്രമേയം,” പ്രതിഷേധക്കാരിലൊരാള്‍ എന്‍.ഡി.ടിവിയോട് പറഞ്ഞു.
ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ പുതുവത്സരം ആരംഭിച്ചത്. ദേശീയ പൗരത്വ പട്ടികയ്ക്കും ദേശീയ ജനസംഖ്യാപട്ടികയ്ക്കും വേണ്ടി വിവരങ്ങള്‍ക്ക് സമീപിച്ചാല്‍ ‘ഒരു രേഖയും കാണിക്കില്ല’ എന്നും പ്രതിഷേധക്കാര്‍ സംയുക്തമായി പ്രതിജ്ഞയെടുത്തു.
”2020 ജനുവരി 1 ന്, അടിച്ചമര്‍ത്തപ്പെടുന്നവരില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്താനുള്ള ദൃഢനിശ്ചയം ഞങ്ങള്‍ ആവര്‍ത്തിക്കുന്നു, ഒപ്പം ഞങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും കാണിക്കില്ലെന്ന് ശപഥം ചെയ്യുന്നു, ഭരണഘടനാ വിരുദ്ധനടപടിയുമായി പൂര്‍ണ്ണമായും നിസ്സഹകരിക്കും” പ്രതിഷേധക്കാര്‍ പറഞ്ഞു.
‘ വര്‍ഗം, നിറം, ഭാഷ, ലിംഗം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലും നാം നമ്മുടെ നാട്ടുകാരോട് വിവേചനം കാണിക്കാന്‍ പോകുന്നില്ല. രാഷ്ട്രീയവും സാമൂഹികവും സാംസകാരികവുമായ സമത്വവും നീതിയും പരസ്പരം ഉറപ്പുനല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് എന്‍ സായ് ബാലാജിയെ ഉദ്ധരിച്ച് പി.ടി.ഐ പറഞ്ഞു.
ചണ്ഡിഗഡ്, ചെന്നൈ, ബെംഗളൂരു തുടങ്ങി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ പ്രതിഷേധം നടന്നു.