Advertisement
Trending
ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യ; ഇസ്രഈല്‍ ആക്രമണങ്ങളെ നാസി വംശഹത്യയോട് താരതമ്യം ചെയ്ത് ബ്രസീല്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 19, 03:15 am
Monday, 19th February 2024, 8:45 am

ബ്രസീലിയ: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കൊലയെ രണ്ടാം ലോക മഹായുദ്ധ സമയത്തെ നാസി വംശഹത്യയുമായി താരതമ്യം ചെയ്ത് ബ്രസീല്‍ പ്രസിഡന്റ് ഇനാസ്യോ ലുല ഡ സില്‍വ. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസില്‍ നടന്ന 37ാമത് ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗസ മുനമ്പില്‍ ഫലസ്തീന്‍ ജനതക്ക് നേരെ നടന്ന് കൊണ്ടുരിക്കുന്ന ചരിത്രത്തിൽ മറ്റൊന്നുമായും സമാതനതകളില്ലാത്ത ആക്രമണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഗസ മുനമ്പില്‍ നടക്കുന്നത് യുദ്ധമല്ല വംശഹത്യയാണ്. ഇത് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുള്ള യുദ്ധമല്ല. പൂര്‍ണമായും സജ്ജരായ സൈനികരും സ്ത്രീകളും കുട്ടികളും തമ്മിലുള്ള യുദ്ധമാണ്’, ലുല പറഞ്ഞു.

പ്രസ്താവനക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ബ്രസീല്‍ പ്രസിഡന്റിന്റെ പരാമർശം അപകീര്‍ത്തികരമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.’ പ്രസ്താവന ജൂതര്‍ക്കെതിരെ നടന്ന നാസി ഹോളോകോസ്റ്റിനെ നിസാരവല്‍ക്കരിക്കാനും ഇസ്രഈലിന്റെയും ജൂതരുടെയും സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ആക്രമിക്കാനുമുള്ള ശ്രമമാണ്. ഇസ്രഈലിനെയും നാസികളെയും തമ്മില്‍ താരതമ്യം ചെയ്തത് അതിരുകടന്ന പ്രസ്താവനയാണ്’, നെതന്യാഹു പറഞ്ഞു.

അതിനിടെ ബ്രസീൽ പ്രസിഡന്റിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഹമാസ് രംഗത്തെത്തി. അമേരിക്കയുടെ പിന്തുണയോടെ ഇസ്രഈലില്‍ നിന്നും ഫലസ്തീനികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ കൃത്യമായി വിവരിക്കുന്നതാണ് പ്രസ്താവനയെന്ന് ഹമാസ് പ്രതികരിച്ചു.

ക്രിമിനല്‍ അധിനിവേശ സൈന്യത്തില്‍ നിന്ന് ഫലസ്തീനികള്‍ അനുഭവിക്കുന്നതെന്താണെന്ന് ബ്രസീല്‍ പ്രസിഡന്റിന്റെ പ്രസ്താവനയിൽ നിന്ന് മനസിലാക്കണമെന്ന് ഹമാസ് അന്താരാഷ്ട്ര കോടതിയോട് അഭ്യര്‍ഥിച്ചു. ആധുനിക കാലത്ത് ഫലസ്തീനികള്‍ അനുഭവിക്കുന്നത് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത ക്രൂരതകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലുലയുടെ പരാമര്‍ശം അതിക്രൂരവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ബ്രസീല്‍ വര്‍ഷങ്ങളായി ഇസ്രഈലിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിക്കിടെ ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയുമായി കൂടിക്കാഴ്ച നടത്തിയ ലുല ഫലസ്തീനികള്‍ക്കായുള്ള സഹായം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി. മറ്റ് രാജ്യങ്ങളും സഹായം വര്‍ധിപ്പിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജി20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ലുല ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകര നടപടിയെന്നാണ് വിശേഷിപ്പിച്ചത്. അതേസയം, ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രണങ്ങളില്‍ ഇതുവരെ 28,858 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Contant Highlight: ‘It’s a genocide’: Brazil’s Lula compares war on Gaza to Holocaust