ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 14ന് ആരംഭിക്കുന്ന പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. നേരത്തെ, ഏകദിന പരമ്പരയില്‍ നാണംകെട്ട് പരമ്പര തോറ്റ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അഭിമാനത്തിന്റെ കൂടി പ്രശ്‌നമാണ്.
എന്നാല്‍ പരമ്പര വിജയം മാത്രമല്ല ഇന്ത്യക്ക് മുമ്പിലുള്ളത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒറ്റ മത്സരത്തില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ തച്ചുടക്കപ്പെടും. കിരീട സാധ്യത സജീവമാക്കി നിര്‍ത്താന്‍ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്.
ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയടക്കം ആറ് മത്സരങ്ങളാണ് ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ബാക്കിയുള്ളത്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യ കളിക്കുക.
ബാക്കിയുള്ള ആറ് മത്സരത്തില്‍ അഞ്ചിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ സാധിക്കൂ. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെടുത്തിയ കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ത്യക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും.
ഇതിന്റെ തുടക്കമെന്നോണമാണ് ഇന്ത്യ ചാറ്റോഗ്രാമില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുന്നത്.
2023 ജൂണില്‍ ലണ്ടനിലെ ഓവലില്‍ വെച്ചാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഈ സൈക്കിളിന്റെ ഫൈനല്‍ മത്സരം അരങ്ങേറുക.
നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ 75 പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 108 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 72 പോയിന്റുമായി സൗത്ത് ആഫ്രിക്ക രണ്ടാമതും 64 പോയിന്റുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. 112 പോയിന്റുള്ള ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്തുള്ളത്.
പോയിന്റുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വിന്നിങ് പേര്‍സെന്റേജിന്റെ അടിസ്ഥാനത്തിലാണ് പോയിന്റ് ടേബിളിലെ സ്ഥാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീനെതിരായ പരമ്പരയില്‍ 2-0ന് വിജയം സ്വന്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഓസീസിന് ഇനി കളിക്കാനുള്ളത്.