ന്യൂദൽഹി: ഇന്ത്യയുമായി സംസ്കാര സമ്പന്നമായ ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കർത്താപൂർ പാതയുടെ തറക്കല്ലിടൽ ചടങ്ങിലാണ് ഇമ്രാൻ ഖാൻ ഈ പരാമർശം നടത്തിയത്. പാകിസ്താനിലും ഇന്ത്യയിലുമായി സ്ഥിതി ചെയ്യുന്ന രണ്ട് സിഖ് ഗുരുദ്ധ്വാരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് കർത്താപൂർ ഇടനാഴി.
ഇന്ത്യയിലൂടെയുള്ള യാത്രകളിൽ പാക് സൈന്യം സമാധാനം നിലനിർത്താൻ വിമുഖത കാട്ടുന്നു എന്നാണ് ചിലർ പറയുന്നത്. എന്നാൽ പ്രധാനമന്ത്രിയായ ഞാൻ പറയുകയാണ്. പാകിസ്ഥാനിലെ ഭരണകൂടത്തിനും രാഷ്ട്രീയ പാർട്ടികൾക്കും സൈന്യത്തിനും ഇന്ത്യയെ സംബന്ധിച്ച് ഒരൊറ്റ നിലപാട് മാത്രമേ ഉള്ളൂ. ഇന്ത്യയുമായി സംസ്കാര സമ്പന്നവും പരസ്പര സഹായപരവുമായ ബന്ധം മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇമ്രാൻ ഖാൻ പറഞ്ഞു.
70 വർഷത്തോളമായി ഇന്ത്യയും പാകിസ്ഥാനും പരസ്പരം കലഹിച്ചാണ് കഴിയുന്നത്. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തുമ്പോൾ ഇന്ത്യയും അതുതന്നെ ചെയ്യുന്നു. പരസ്പരം പഴിചാരി എത്രനാൾ ഇത്ര മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. കാശ്മീരാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന പ്രശ്‌നം. അത് പരിഹരിച്ച് മുന്നോട് പോയേ തീരു. അദ്ദേഹം പറഞ്ഞു.