മോദി സര്‍ക്കാര്‍ എങ്ങനെയാണ് ബി.എസ്.എന്‍.എല്ലിനെ പൊളിക്കുന്നത്
DISCOURSE
മോദി സര്‍ക്കാര്‍ എങ്ങനെയാണ് ബി.എസ്.എന്‍.എല്ലിനെ പൊളിക്കുന്നത്
ഡോ. ടി.എം. തോമസ് ഐസക്ക്
Friday, 3rd January 2025, 4:59 pm
ഇനിയിപ്പോള്‍ ബി.എസ്.എന്‍.എല്‍ ജിയോയേയും ടാറ്റയേയും ഏല്‍പ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാല്‍ മതി. ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബി.എസ്.എന്‍.എല്ലിന്റെ ആസ്തികള്‍ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബി.ജെ.പിയുടെ ശ്രമം.

രണ്ടാഴ്ച മുമ്പ് മുംബൈയില്‍ പോയപ്പോഴേ തോന്നി ബി.എസ്.എന്‍.എല്ലിന്റെ കഥ കഴിഞ്ഞെന്ന്. മുംബൈ നഗരത്തില്‍ ഒരിടത്തുനിന്നും ബി.എസ്.എന്‍.എല്‍ ഉപയോഗിച്ച് കാള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. കുറച്ചുനാളായി ഇങ്ങനെയാണത്രേ!

എന്നിട്ടുപോലും കഴിഞ്ഞ രണ്ട് മാസംകൊണ്ട് ബിഎസ്എന്‍എല്ലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 50 ലക്ഷത്തിലേറെ വര്‍ദ്ധിച്ചു. ജിയോ അടക്കമുള്ളവരുമായി ഒത്തുകളിച്ച് സ്വകാര്യ കമ്പനികള്‍ താരിഫ് ഉയര്‍ത്തി. ബിഎസ്എന്‍എല്‍ വര്‍ദ്ധിപ്പിച്ചില്ല. അങ്ങനെയാണ് ഇടപാടുകാര്‍ പൊതുമേഖലാ സ്ഥാപനത്തിലേക്ക് തിരിച്ചുവന്നത്.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധനയുണ്ടായത്. ഇതിന് തടയിടാന്‍വേണ്ടി കേരളത്തില്‍ സ്വീകരിച്ച അടവ് എല്ലാവര്‍ക്കും അറിയാം. ട്രായിയുടെ നിര്‍ദ്ദേശപ്രകാരം കെ.വൈ.സി അപ്പ്‌ഡേറ്റ് ചെയ്യണമെന്നാണ് മെസേജ് വന്നുകൊണ്ടിരുന്നത്. മറ്റു സ്വകാര്യ കമ്പനികള്‍ക്ക് ഈ നിബന്ധന ഇല്ല. എന്നാല്‍ കെ.വൈ.സി അപ്പ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനവുമില്ല. ആപ്പീസില്‍ ആളില്ലാ എന്നതാണു പ്രധാന പ്രശ്‌നം. ബുദ്ധിമുട്ടി പലരും പിന്‍വാങ്ങി തുടങ്ങി.

ഇപ്പോള്‍ അവസാനത്തെ ആണി അടിച്ചിരിക്കുകയാണ്. ആളില്ലാത്ത ആഫീസുകളില്‍ നിന്നും വീണ്ടും 19000 പേരെ പിരിച്ചുവിടാനാണ് രണ്ട് ദിവസം മുമ്പുള്ള തീരുമാനം. ഇതോടെ ബിഎസ്എന്‍എല്ലിന്റെ കഥ തീരും.

രാജ്യത്തോടുള്ള ഈ ചതി തുടങ്ങിവച്ചത് കോണ്‍ഗ്രസാണ്

• 1994-ല്‍ മൊബൈല്‍ സര്‍വ്വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം കൊടുത്തു. 2002-ല്‍ മാത്രമേ ബി.എസ്.എന്‍.എല്ലിന് അനുവാദം നല്‍കിയുള്ളൂ. ഇതിനിടെ 1995-ല്‍ കോണ്‍ഗ്രസിന്റെ മന്ത്രി സുഖ്‌റാം ബി.എസ്.എന്‍.എല്‍ അഴിമതിയില്‍ ജയിലിലുമായി. തുടര്‍ന്നുവന്ന വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രിമാരും അഴിമതിക്കേസുകളില്‍ പ്രതികളായി.

Late Congress leader and former Union Minister Sukhram

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഖ്‌റാം

• രണ്ട് വര്‍ഷംകൊണ്ട് ബി.എസ്.എന്‍.എല്‍ സ്വകാര്യ കമ്പനികളോടൊപ്പമെത്തി. പുതിയ ലൈനുകള്‍ക്ക് ടെണ്ടര്‍ വിളിക്കാനുള്ള അനുമതി നിഷേധിച്ചു. 2010-ലാണ് അനുമതി നല്‍കിയത്.

• എന്നിട്ടോ? മറ്റു സ്വകാര്യ കമ്പനികളെല്ലാം വിദേശത്തുനിന്നും സാമഗ്രികള്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നപ്പോള്‍ നാട്ടില്‍ ഉല്പാദിപ്പിച്ച സാമഗ്രികള്‍ തന്നെ ഉപയോഗിക്കണമെന്ന നിബന്ധന ബി.എസ്.എന്‍.എല്ലിനുമേല്‍ അടിച്ചേല്‍പ്പിച്ചു.

• 2014-ല്‍ 4ജി സേവനം വന്നു. ബി.എസ്.എന്‍.എല്ലിന് 2020-ല്‍ മാത്രമേ ഇതിന് അനുവാദം നല്‍കിയുള്ളൂ. പഴയ നിബന്ധനമൂലം ഇവ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ യു.പി.എ 2-ാം സര്‍ക്കാരിലെ മന്ത്രി അഴിമതിക്കേസില്‍ ജയിലിലുമായി.

ഈ കൊടിയ അഴിമതികളുടെ കഥകള്‍ തുടരുകയാണ്. അംബാനിമാരുടെ ടെലികോം കുത്തകകളുടെ ഏജന്റുമാരായിട്ടാണ് ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ബി.ജെ.പിയുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ് ബി.എസ്.എന്‍.എല്ലിനെ.

ഇനിയിപ്പോള്‍ ബി.എസ്.എന്‍.എല്‍ ജിയോയേയും ടാറ്റയേയും ഏല്‍പ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാല്‍ മതി. ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബി.എസ്.എന്‍.എല്ലിന്റെ ആസ്തികള്‍ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബി.ജെ.പിയുടെ ശ്രമം. ഇത്രയൊക്കെ ആയിട്ടും ദേശാഭിമാനി ഒഴികെ മറ്റൊരു മാധ്യമത്തിലും ഈ കാട്ടുകൊള്ളയുടെ കഥ വായിക്കാന്‍ കഴിഞ്ഞില്ല.

content highlights: How is Modi government destroying BSNL?

ഡോ. ടി.എം. തോമസ് ഐസക്ക്
കേന്ദ്രകമ്മിറ്റി അംഗം-സി.പി.ഐ.എം