അവര്‍ തലമറയ്ക്കുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കും? ഞാനും മറയ്ക്കുന്നുണ്ടല്ലോ; ഹിജാബ് വിലക്കിനെതിരെ പോരാടുന്ന ചര്‍ണ്‍ജീത് കൗര്‍
national news
അവര്‍ തലമറയ്ക്കുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കും? ഞാനും മറയ്ക്കുന്നുണ്ടല്ലോ; ഹിജാബ് വിലക്കിനെതിരെ പോരാടുന്ന ചര്‍ണ്‍ജീത് കൗര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 6:24 pm

കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ പോരാടുന്ന 23പേരില്‍ ഒരാളാണ് ചരണ്‍ജീത് കൗര്‍. അവര്‍ ഒരു മുസ്‌ലിം സ്ത്രീയല്ല. സിഖുകാരിയാണ്. കര്‍ഷകയാണ്, ആശാ വര്‍ക്കറാണ്.

‘എനിക്ക് തലമറയ്ക്കാന്‍ തടസമില്ലാത്തപ്പോള്‍ അവര്‍ തലമറയ്ക്കുന്നതിനെ തടയുന്നത് എന്തിനാണ്/’. ശക്തമാണ് ചരണ്‍ജീത് കൗറിന്റെ ചോദ്യം.

ഇന്റര്‍നെറ്റില്‍ സാധാരണയായി കണ്ട വീഡിയോകളോടൊപ്പമായിരുന്നു ചരണ്‍ജീത് കൗര്‍ മുസ്‌കാന്‍ എന്ന പെണ്‍കുട്ടിയുടെ വീഡിയോ കാണുന്നത്. മുസ്‌കാന്‍ കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ ശക്തമായി പോരാടിയെ പെണ്‍കുട്ടിയാണ്. ഹിജാബ് ധരിച്ച് സ്‌കൂളിലെത്തരുതെന്ന് പറഞ്ഞ ഹിന്ദുത്വവാദികളായ സഹവിദ്യാര്‍ത്ഥികളെ അല്ലാഹു അക്ബര്‍ പറഞ്ഞായിരുന്നു മുസ്‌കാന്‍ നേരിട്ടത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് അത് കണ്ട കാഴ്ചക്കാരില്‍ ഒരാളായിരുന്നു കൗറും.

താന്‍ കണ്ട കാഴ്ചയുടെ ഭീകരത കൗറിന് അന്നേ മനസിലായിരുന്നു. ചില ദൃശ്യങ്ങളില്‍ പ്രതികരിക്കാതിരിക്കാന്‍ മനസ് അനുവദിക്കില്ലെന്നാണ് കൗറിന്റെ പ്രതികരണം.

ഹരിയാനയിലെ കൈതാല്‍ എന്ന പ്രദേശത്തുനിന്നുള്ള സിഖ് വംശജയായ കൗറിനെ ഹിജാബ് വിലക്ക് നിയമപരമായെങ്കിലും ബാധിക്കുന്നില്ല. ഹിജാബ് വിലക്ക് സുപ്രീം കോടതി ശരിവെച്ചാലും തന്റെ ജീവിതത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കൗറിന് അറിയാം. പക്ഷേ ആ വിഷയത്തെ അവള്‍ നോക്കിക്കാണുന്നത് അങ്ങനെയല്ല.

‘ഇന്ന് അവര്‍ ആക്രമിക്കുന്നത് ഹിജാബ് ധരിച്ച സ്ത്രീകളെയാണ്. ഞാനും ഒരു ടര്‍ബന്‍ ധരിക്കുന്നുണ്ട്. വിലക്ക് എന്നെ ബാധിക്കില്ലെന്ന് എനിക്ക് പൂര്‍ണമായും പറയാനാകില്ല. ഹിജാബ് ധരിക്കുന്നവര്‍ക്ക് നേരെ ഇത്തരത്തിലൊരു ആക്രമണം നടക്കാമെങ്കില്‍ ടര്‍ബന്‍ ധരിക്കുന്ന ഞങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്ന കാലം വിദൂരമല്ല. മറ്റൊരാളുടെ വീട്ടില്‍ തീ പിടിക്കുന്നത് എന്നെ ബാധിക്കില്ലെന്ന് പറയാന്‍ പറ്റില്ലല്ലോ.. അത് പതിയെ എന്റെ വീട്ടിലേക്കും പടര്‍ന്നുപിടിക്കും,’ ഹിജാബ് വിലക്കില്‍ താന്‍ നടത്തുന്ന പോരാട്ടത്തിനോടുള്ള കൗറിന്റെ പ്രതികരണമാണിത്.

സുപ്രീം കോടതിയില്‍ ഹിജാബ് വിലക്കിനെതിരായ പോരാടുന്നവര്‍ 23 പേരാണ്. ഇതില്‍ മുസ്‌ലിം മതവിശ്വാസിയല്ലാത്ത ഏക വ്യക്തി ചരണ്‍ജീത് കൗര്‍ ആണ്. കേസിലെ വാദങ്ങളൊക്കെ അവസാനിപ്പിച്ച് കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

ഹിജാബ് വിലക്കിനെതിരെ പോരാടുന്നത് ഒരു വലിയ കാര്യമായല്ല കൗര്‍ കണക്കാക്കുന്നത്. സാധാരണ മനുഷ്യന്‍ എടുക്കേണ്ട തീരുമാനം മാത്രമാണിത് എന്നാണ് കൗറിന്റെ മറുപടി.

സിഖുകാരുടെ വിശ്വാസമായ അമൃത് സഞ്ചാറില്‍ കൗര്‍ പങ്കെടുക്കാറുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ തല മറച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. ഇപ്രകാരണ് കൗര്‍ ടര്‍ബന്‍ ധരിക്കുന്നത് സ്ഥിരമാക്കിയത്. ടര്‍ബന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക ഘടകമായി മാറിയെന്നും ഒരിക്കല്‍ ഈ വസ്ത്രത്തിന്റെ പ്രത്യേകത മനസിലാക്കിയാല്‍ അത് തുടരാന്‍ എക്കാലവും ആഗ്രഹിക്കുമെന്നും കൗര്‍ ദി ക്വിന്റിനോട് പറയുന്നുണ്ട്.

‘എനിക്ക് ഈ ടര്‍ബന്‍ ധരിക്കാം. എന്നെ ആരും തടയുന്നില്ല. ഇതെന്റെ വ്യക്തിത്വമായി മാറിക്കഴിഞ്ഞു. ആരും എന്നെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യുന്നില്ല. പിന്നെ എന്തിനാണ് ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത്. അവര്‍ ഹിജാബ് ധരിക്കുന്നത് എങ്ങനെയാണ് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നത്? അവള്‍ അവളുടെ ഇഷ്ടത്തെയാണ് ധരിക്കുന്നത്. അവര്‍ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ,’ കൗര്‍ ചോദിക്കുന്നു.

‘ അമ്പലത്തില്‍ പോകുമ്പോള്‍ തല മറയ്ക്കുന്ന ഹിന്ദു സ്ത്രീകളുണ്ട്. അല്ലെങ്കില്‍ സിന്ദൂരം ധരിക്കുന്ന സ്ത്രീകളുണ്ട്. അവരെ ആരെയും ഞങ്ങള്‍ ചോദ്യം ചെയ്യാറില്ല. ഐക്യത്തെ നിങ്ങള്‍ തകര്‍ക്കുകയാണെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിട്ടില്ല,’ കൗര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തലമറയ്ക്കുന്നത് മുസ്‌ലിം മതസ്ഥരുടെ മാത്രം കടമയാണെന്ന് പറയുന്നത് കാലങ്ങളായി നിലനില്‍ക്കുന്ന തങ്ങളുടെ സംസ്‌കാരത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്നും കൗര്‍ പറയുന്നുണ്ട്.
രാജ്യത്തിന്റെ പ്രഥമ വനിത രാഷ്ട്രപതിയായിരുന്ന പ്രതിഭ പാട്ടീലിനേയും കൗര്‍ പരാമര്‍ശിക്കുന്നുണ്ട്. പാട്ടീല്‍ തലമറയ്ക്കാറുണ്ടെന്നും അവര്‍ മുസ്‌ലിമല്ലെന്നും കൗര്‍ പറയുന്നു.

Content Highlight:  How can them wearing hijab destroy the unity of the nation?  Asks Charnjeet Kaur fighting against the hijab ban