പൗരന്മാരുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്; കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ കുംഭ മേള നിര്‍ത്താമെന്ന് ജുന അഖാഡി മുഖ്യന്‍
national news
പൗരന്മാരുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്; കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ കുംഭ മേള നിര്‍ത്താമെന്ന് ജുന അഖാഡി മുഖ്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th April 2021, 7:25 pm

ന്യൂദല്‍ഹി: കുംഭ മേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിന് പിന്നാലെ കുംഭ മേള നിര്‍ത്താന്‍ ആവശ്യപ്പെട്ട് ജുന അഖാഡി മുഖ്യന്‍ സ്വാമി അവ്‌ദേശാനന്ദ് ഗിരി.

ഇന്ത്യയിലെ പൗരന്മാര്‍ക്കും അവരുടെ ആരോഗ്യത്തിനും മുന്‍ഗണന നല്‍കുന്നവരാണ് സന്യാസിമാര്‍ എന്ന് അവ്‌ദേശാനന്ദ് ഗിരി അവകാശപ്പെട്ടു.

പകര്‍ച്ചവ്യാധി കൂടുതല്‍ വഷളാകുന്നത് കണക്കിലെടുത്ത്, കുംഭത്തിലെ എല്ലാ ദേവതകളെയും തങ്ങള്‍ കൃത്യമായി നിമജ്ജനം ചെയ്തുവെന്നും അവ്‌ദേശാനന്ദ് ഗിരി പറഞ്ഞു.

”വിശ്വാസം ഒരു വലിയ കാര്യമാണ്, പക്ഷേ മനുഷ്യജീവിതം അതിലും പ്രധാനമാണ്… കൊറോണ വൈറസിന്റെ ബുദ്ധിമുട്ട് ഇന്നത്തെപ്പോലെ മാരകമായരുന്നില്ലെന്ന് നമ്മള്‍ എല്ലാവരും മനസ്സിലാക്കണം. അതിനാല്‍ ഭക്തരോടുള്ള എന്റെ അഭ്യര്‍ത്ഥന കുംഭ മേളയില്‍ പരിമിതമായ എണ്ണത്തില്‍ പങ്കെടുക്കണം. ” എന്നാണ് കുംഭ മേള നിര്‍ത്തണമെന്നാവശ്യപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അവ്‌ദേശാനന്ദ് പറഞ്ഞത്.

ഉത്തരാഖണ്ഡില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് മേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത്.

കുംഭമേള പ്രതീകാത്മകമായി നടത്തിയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് സ്വാമി അവ്ദേശാനന്ദ് ഗിരിയോട് മോദി ഫോണില്‍ സംസാരിച്ചിരുന്നു. കുംഭമേളയുടെ പ്രധാന ചടങ്ങുകളിലൊന്നായ ഷാഹി സ്നാനം കഴിഞ്ഞ സാഹചര്യത്തിലാണ് പ്രതീകാത്മകമായി നടത്താന്‍ ആവശ്യപ്പെട്ടത്.

അതേസമയം, കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതരിലൊരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 80ല്‍ അധികം മത നേതാക്കള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

സന്യാസി കൗണ്‍സിലറുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ കുംഭമേള നടക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് നിരഞ്ജനി അഖാഡ, തപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ വിഭാഗങ്ങള്‍ മടങ്ങുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സന്യാസി വിഭാഗങ്ങളും ഏപ്രില്‍ 17ന് ശേഷം ഉത്തരാഖണ്ഡിലെ കുംഭമേളയില്‍ തുടരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നിരഞ്ജനി അഖാഡ സെക്രട്ടറിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Hours after PM Modi’s Appeal, Juna Akhara Chief Calls off Kumbh Mela amid Covid Crisis