Advertisement
Sabarimala women entry
ആലുവയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു; കുട്ടികള്‍ക്ക് നേരെയും അക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 18, 11:23 am
Thursday, 18th October 2018, 4:53 pm

ആലുവ: ആലുവ തോട്ടുമുഖത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. അല്‍ സാജ് ഹോട്ടലിന് നേരെയാണ് ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമമുണ്ടായത്. രാവിലെ പതിനൊന്ന് മുപ്പതോടെയാണ് ആക്രമണം നടന്നത്.

പത്തുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു. ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. രാവിലെ ഹര്‍ത്താല്‍ അനുകൂലികളെത്തി ഹോട്ടല്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.


എന്നാല്‍ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഇതാണ് ഹോട്ടല്‍ തകര്‍ക്കുന്നതിന് കാരണമായാത്. ആക്രമണം നടക്കുമ്പോള്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയ ഏതാനും പേരും ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹോട്ടലിലേയ്ക്ക് പ്രവേശിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും എറിഞ്ഞു തകര്‍ത്തു. ഭക്ഷണം കഴിക്കാനെത്തിയവരെ വിരട്ടിയോടിച്ചു. കൊച്ചുകുട്ടികള്‍ക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി.

ഹര്‍ത്താല്‍ അനുകൂലികളെ പിന്‍തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ ഹോട്ടല്‍ ഉടമയ്ക്ക് നേരെ കയ്യേറ്റമുണ്ടായി. ഹോട്ടല്‍ ബലംപ്രയോഗിച്ച് അടപ്പിച്ച ശേഷമാണ് പ്രതിഷേധക്കാര്‍ പോയത്. ആക്രമണം നടത്തിയ പത്തോളം പേര്‍ക്കെതിരെ ഹോട്ടല്‍ ഉടമ ആലുവ പൊലീസിന് പരാതി നല്‍കി.

അതേസമയം, മലപ്പുറത്ത് ഹര്‍ത്താലനൂകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. തിരൂര്‍ സ്വദേശി നിഷയ്ക്കും ഭര്‍ത്താവ് രാജേഷിനുമാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മുഖത്തും ദേഹത്തും ക്രൂരമയാണ് ഹര്‍ത്താലനൂകൂലികള്‍ അടിച്ചതെന്നും ബൈക്ക് തകര്‍ത്തെന്നും ഒന്നും പറയാന്‍ പോലും സമ്മതിച്ചല്ലെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് 6 മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ അക്രമിച്ചതെന്നും രാജേഷ് പരാതിയില്‍ പറയുന്നു. അഞ്ചോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.