ന്യൂദല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രേ മോദി. പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോദി പറഞ്ഞു. സഭാനടപടികള്‍ കൃത്യമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എല്ലാ എം.പിമാരും രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസ്സോടെ ഗുണനിലവാരമുള്ള ചര്‍ച്ചകള്‍ നടത്തി രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്‌സിന്‍ ഉത്പാദക രാജ്യമെന്ന നിലയില്‍ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാവ് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.
‘ബജറ്റ് സെഷന്‍ ഇന്ന് ആരംഭിക്കുന്നു. ഈ സെഷനിലേക്ക് എല്ലാ എം.പിമാരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ധാരാളം അവസരങ്ങളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, വാക്‌സിനേഷന്‍ നയം, ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ ഇതൊക്കെ ഈ സെഷന് ആത്മവിശ്വാസം പകരുന്നു,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. സഭാ സമ്മേളനം ചേരാനിരിക്കെ കോണ്‍ഗ്രസ് എം.പി. അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് വിവരസാങ്കേതിക വകുപ്പ് മന്ത്രിയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസയച്ചു.
ഇത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അധിര്‍ രഞ്ജന്‍ ചൗധരി കത്തയച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ജഡ്ജിമാരെയും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരെയും സ്പൈവെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതോടെ പെഗാസസ് വിഷയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ പിടിച്ചുകുലുക്കിയിരുന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി കത്തില്‍ ചൂണ്ടിക്കാട്ടി.
2017ല്‍ ഇസ്രയേലുമായുള്ള സഹസ്രകോടികളുടെ പ്രതിരോധക്കരാറില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പെഗാസസ് വാങ്ങിയതെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. മോദിസര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി. തുറന്നടിച്ചു.
ജനാധിപത്യസ്ഥാപനങ്ങള്‍, രാഷ്ട്രീയനേതാക്കള്‍, പൊതുസ്ഥാപനങ്ങള്‍, ജുഡീഷ്യറി, പ്രതിപക്ഷനേതാക്കള്‍, സായുധസേന എന്നിവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ വാങ്ങിയതാണ് പെഗാസസ് സോഫ്റ്റ്‌വെയറെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദിസര്‍ക്കാര്‍ എന്തിനാണ് ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പെരുമാറിയതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
യുദ്ധമുന്നണിയിലെ ആയുധം ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരേ ഉപയോഗിക്കുന്നു. നിയമവിരുദ്ധമായ ചോര്‍ത്തല്‍ രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തെ തകര്‍ക്കാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് മോദിസര്‍ക്കാര്‍ പെഗാസസ് വാങ്ങിയതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പു കമ്മിഷന്‍, രാഷ്ട്രീയനേതാക്കള്‍, സുപ്രീംകോടതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയൊക്കെ രഹസ്യം ചോര്‍ത്തുന്നത് ഗുരുതരമായ ജനാധിപത്യ അട്ടിമറിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഈ സര്‍ക്കാര്‍ പുറത്തുപോവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.