60 വര്‍ഷം പഴക്കമുള്ള ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം ഇനി ജബേല്‍ അലിയില്‍; നിര്‍മാണ ചിലവ് 147 കോടി
Trending
60 വര്‍ഷം പഴക്കമുള്ള ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം ഇനി ജബേല്‍ അലിയില്‍; നിര്‍മാണ ചിലവ് 147 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th December 2023, 2:02 pm

ദുബായ്: 60 വര്‍ഷം പഴക്കമുള്ള ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം ജബേല്‍ അലിയിലേക്ക് മാറുന്നു. 2024 ജനുവരി 3 മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും.

1950-കളില്‍ നിര്‍മിച്ച ശിവക്ഷേത്രം ഒരു കെട്ടിടത്തിലെ മുറിയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഭക്തര്‍ സര്‍ക്കാരിനോട് കൂടുതല്‍ സ്ഥലം ക്ഷേത്രത്തിനായി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

ബര്‍ ദുബായിലെ പഴയ ക്ഷേത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്ര ട്രസ്റ്റിനാണ് 65 മില്യണ്‍ ദിര്‍ഹം (17.7 മില്യണ്‍ ഡോളര്‍) ചെലവ് വരുന്ന പുതിയ ആരാധനാലയത്തിന്റേയും ചുമതല.

ബര്‍ ദുബായിലെ ക്ഷേത്രം 1950 കളുടെ അവസാനത്തില്‍ നിര്‍മിച്ചതാണ്. യു.എ.ഇയില്‍ താമസിക്കുന്ന ഹിന്ദുക്കളുടെ പ്രധാന ആരാധനാലയമാണിത്.

വാരാന്ത്യങ്ങളില്‍ 5000ത്തോളം ആളുകള്‍ ബര്‍ ദുബായ് ക്ഷേത്രം സന്ദര്‍ശിക്കുന്നതായാണ് കണക്ക്. ആഘോഷവേളകളില്‍ 100,000 വരെ ഉയരും. വളരെ തിരക്കേറിയ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ തന്നെ ആളുകളെ നിയന്ത്രിക്കുക പലപ്പോഴും ക്ഷേത്ര അധികൃതര്‍ക്ക് വെല്ലുവിളിയായിരുന്നു.

ജബല്‍ അലിയിലെ പുതിയ ക്ഷേത്രത്തിന് ദുബായ് സര്‍ക്കാര്‍ 2019 ലാണ് സ്ഥലം അനുവദിച്ചത്. ഒരു വര്‍ഷത്തിനുശേഷം നിര്‍മ്മാണം ആരംഭിച്ചു. പുതിയ ക്ഷേത്രത്തിന് സമീപത്തായി ഒരു സിഖ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നുണ്ട്. സമീപത്തായി രണ്ട് ക്രിസ്ത്യന്‍ പള്ളികളുമുണ്ട്.

ഇതേ പ്രദേശത്ത് തന്നെ ഒരു കൃഷ്ണ ക്ഷേത്രം (ശ്രീനാഥ്ജി ഹവേലി) കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ശിവക്ഷേത്രം മറ്റൊരിടത്തേക്ക് മാറുമ്പോഴും ശ്രീകൃഷ്ണ ക്ഷേത്രം അവിടെ തന്നെ തുറന്ന് പ്രവര്‍ത്തിക്കും.

ബര്‍ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബേല്‍ അലിയിലേക്ക് മാറ്റിയതായി കാണിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്.

Content Highlight: Hindu temple in Bur Dubai to shift services to new location in Jebel Alia