ബാബറിന്റെ പേരില്‍ ഇവിടെ റോഡ് വേണ്ട; സെന്‍ട്രല്‍ ദല്‍ഹിയില്‍ 'അയോധ്യ മാര്‍ഗ്' എന്നെഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ച് ഹിന്ദു സേന
national news
ബാബറിന്റെ പേരില്‍ ഇവിടെ റോഡ് വേണ്ട; സെന്‍ട്രല്‍ ദല്‍ഹിയില്‍ 'അയോധ്യ മാര്‍ഗ്' എന്നെഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ച് ഹിന്ദു സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th January 2024, 1:02 pm

ന്യൂദല്‍ഹി: സെന്‍ട്രല്‍ ദല്‍ഹിയിലെ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു സേന. പേര് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹിന്ദു സേനയിലെ പ്രവര്‍ത്തകര്‍ ‘അയോധ്യ മാര്‍ഗ്’ എന്നെഴുതിയ പോസ്റ്ററുകള്‍ റോഡിന്റെ സമീപ പ്രദേശങ്ങളില്‍ പതിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദു സേനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫ്രിഞ്ച് സംഘടനയാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെയോ എന്‍.ഡി.എം.സിയിലെയോ പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു ഉദ്യോഗസ്ഥന്‍ അയോധ്യ മാര്‍ഗ് എന്നെഴുതിയ പോസ്റ്റര്‍ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയാണെന്നും വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മാധ്യമങ്ങളെ അറിയിച്ചു.

കുറച്ച് കാലങ്ങളായി ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യവുമായി ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്ത രംഗത്തുണ്ട്.

‘ദല്‍ഹിയിലെ ബംഗാള്‍ മാര്‍ക്കറ്റിലാണ് ബാബര്‍ റോഡ് നിലനില്‍ക്കുന്നത്. ബാബര്‍ ഒരു അധിനിവേശക്കാരനും നുഴഞ്ഞുക്കയറ്റക്കാരനും ജനങ്ങളെ ഉപദ്രവിച്ച ജിഹാദി ഭീകരനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഇന്ത്യക്കാര്‍ നിര്‍ബന്ധിതമായി അവരുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും ആശ്രമങ്ങളും അവര്‍ തകര്‍ത്തു. ബാബര്‍ റോഡിലൂടെ കടന്നുപോവുമ്പോള്‍ അവര്‍ കാണിച്ച ക്രൂരതകള്‍ ഓര്‍മവരുന്നു,’ ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു ഗുപ്ത എക്‌സില്‍ കുറിച്ച വാക്കുകള്‍.

അയോധ്യ രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായാണ് പ്രവര്‍ത്തകര്‍ അയോധ്യ മാര്‍ഗ് എന്നിങ്ങനെയെഴുതിയ സ്റ്റിക്കറുകളടക്കം സെന്‍ട്രല്‍ ദല്‍ഹിയില്‍ പതിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് പതിപ്പിച്ച സ്റ്റിക്കറുകള്‍ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ഹിന്ദു സേന മാറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Hindu Sena demands renaming of Babar Road in Central Delhi