ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി; വിധിപകര്‍പ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ കഴമ്പുണ്ടെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിന്റെ വിധിപകര്‍പ്പിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സിനിമയുടെ ചര്‍ച്ചക്കായി വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ കടന്നുപിടിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പരാതിക്കാരി ഹാജരാക്കിയിട്ടുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ വിചാരണക്കോടതി മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നുണ്ട്. തെളിവുകളുടെ വസ്തുത പരിശോധിക്കേണ്ടത് വിചാരണ കോടതിയാണ്. അതിനാലാണ് കേസ് വിചാരണ കോടതിയിലേക്ക് തന്നെ വിടുന്നതെന്നും ജസ്റ്റിസ് കെ. ബാബു വിധിപകര്‍പ്പില്‍ വിശദീകരിക്കുന്നുണ്ട്.
ഹൈക്കോടതി ഉത്തരവിലെ പ്രസക്തമായ ഭാഗങ്ങളില്‍ ചിലത് ഇങ്ങനെയാണ്. പ്രഥമദൃഷ്ട്യാ തന്നെ കുറ്റാരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ പരാതിക്കാരി ഹാജരാക്കിയിട്ടുണ്ടെന്ന വിലയിരുത്തലാണ് കോടതിക്കുള്ളത്. കീഴ്‌ക്കോടതി തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ ഉണ്ണി മുകുന്ദന് സാധിച്ചിട്ടില്ല.
അതിനാല്‍ കേസിലെ വിചാരണ നടക്കേണ്ടതുണ്ട്. പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ തന്നെയാണ് വന്നിട്ടുള്ളത്. വസ്തുതാവിരുദ്ധമായി ഒന്നും തന്നെയില്ല.
കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് കോടതി ഇടപെട്ടിരിക്കുന്നത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് അപ്പുറത്ത് കേസില്‍ രണ്ട് സാക്ഷികള്‍ കൂടിയുണ്ടെന്നും കോടതി ഉത്തരവില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ഇന്ന് പുറത്തുവന്നതോടെയാണ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തായത്.
content highlights: high court point out sexual allegation against unni mukundan is valid