Kerala News
സ്വത്തിന്റെ അവകാശി ഗുരുവായൂരപ്പന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 10 കോടി എത്രയും പെട്ടന്ന് തിരികെ നല്‍കണം; ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 18, 11:30 am
Friday, 18th December 2020, 5:00 pm

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്ത് കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി. ഹിന്ദു ഐക്യവേദി, ബി.ജെ.പി നേതാവ് എന്‍ നാഗേഷ് തുടങ്ങിയവര്‍ നല്‍കിയ ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്നും ഹൈക്കോടതി ഫുള്‍ബഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ദേവസ്വം ബോര്‍ഡിന് അവകാശമുള്ളെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയിലോ, അധികാരപരിധിയിലോ വരില്ല. ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

പ്രളയകാലത്തും കൊവിഡ് കാലത്തുമായിട്ടാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത്‌കോടി രൂപ നല്‍കിയത്.

അതേസമയം പണം സര്‍ക്കാര്‍ ചെലവിനല്ല ഉപയോഗിക്കുന്നതെന്നും പ്രളയം പോലുള്ള മനുഷ്യനിര്‍മിതമല്ലാത്ത ദുരന്തങ്ങളിലെ ഇരകള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: HighCourt orders to return Guruvayoor Devasawm’s 10 Crore