Kerala News
ചികിത്സ ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ കോളജില്‍ സൗകര്യമില്ലേ; കുഞ്ഞനന്തന്റെ പരോള്‍ വിഷയത്തില്‍ സര്‍ക്കാറിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 08, 06:00 am
Friday, 8th February 2019, 11:30 am

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്ന സംഭവത്തില്‍ സര്‍ക്കാറിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികിത്സിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സൗകര്യമില്ലേയെന്നാണ് കോടതി ചോദിച്ചത്.

മെഡിക്കല്‍ കോളജില്‍ ഒരു ബൈസ്റ്റാന്ററെ നിര്‍ത്തിക്കൊണ്ട് ചികിത്സ പൂര്‍ത്തിയാക്കിയാല്‍ പോരേയെന്നും കോടതി ആരാഞ്ഞു. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ചികിത്സയ്ക്കുവേണ്ടി ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ജയിലില്‍ ചികിത്സ ലഭിക്കുന്നില്ലയെന്ന വാദമാണ് പി.കെ കുഞ്ഞനന്തന്റെ അഭിഭാഷകന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കോടതി കുഞ്ഞനന്തന്റെ വാദങ്ങളോട് യോജിച്ചില്ല. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Also read:മോദി 3000 കോടി രൂപ മോഷ്ടിച്ചതിന് തുല്യമാണിത്; എല്ലാം ചെയ്തത് അനില്‍ അംബാനിക്കുവേണ്ടി: റഫാലില്‍ രാഹുല്‍ ഗാന്ധി

ഇതിനിടെ പി.കെ കുഞ്ഞനന്തന് അനുകൂലമായി വാദങ്ങള്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്ന അവസരത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇത്തരത്തില്‍ വാദിക്കാനുള്ള അവകാശമില്ലയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി 20 മാസത്തിനുള്ളില്‍ 15 തവണയായി 193 ദിവസമാണ് കുഞ്ഞനനന്തന്‍ പുറത്ത് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മേയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

രണ്ടരമാസത്തെ ഇടവേളകളില്‍ മാത്രമേ പരോള്‍ അനുവദിക്കാവൂവെന്ന ജയില്‍ചട്ടവും കുഞ്ഞനന്തന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിരുന്നില്ല.

ഇതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചികിത്സയ്ക്കുവേണ്ടിയാണ് കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല വേണ്ടത്, ചികിത്സിക്കുകയാണ് എന്നു പറഞ്ഞ് നേരത്തെ ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു.