നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
Kerala News
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2022, 11:01 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി. അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ പിന്മാറ്റം.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തന്റെ ഹരജി പരിഗണിക്കാന്‍ തയാറായാല്‍ അതില്‍ എതിര്‍പ്പറിയിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ അതിജീവിത തീരുമാനിച്ചിരുന്നു.

കൗസര്‍ എടപ്പഗത്ത് തന്റെ ഹരജി പരിഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം അതിജീവിത ഹൈക്കോടതിയില്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന് എങ്ങനെ ഈ ഹരജി കൈമാറും എന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.

സാധാരണയായി ഇത്തരം ഹരജികള്‍ വരുമ്പോള്‍ കോടതിയാണ് അത് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക, രജിസ്ട്രിക്ക് അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല.

അതുകൊണ്ട് തന്നെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് അതിജീവിതയുടെ ഹരജി പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ കോടതി ഹരജി പരിഗണിച്ച ഘട്ടത്തില്‍ തന്നെ താന്‍ പിന്മാറുകയാണെന്ന് ജസ്റ്റിസ് അറിയിച്ചത്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതിനെത്തുടര്‍ന്ന് ഹൈക്കോടതി മറ്റൊരു ബെഞ്ചായിരിക്കും നാളെ അതിജീവിതയുടെ ഹരജി പരിഗണിക്കുക.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍ നിന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വന്ന ഘട്ടത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നു, എന്ന് പല ഘട്ടങ്ങളില്‍ സംശയമുയര്‍ന്നിരുന്നു.

ഇത് കൂടി പരിഗണിച്ചായിരുന്നു അതിജീവിത ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെ കോടതിയെ സമീപിച്ചത്.

Content Highlight: High Court Judge Justice Kauser Edappagath withdrew from considering the petition of survivor in actress attack case