ഹിസ്ബുല്ല നേതാവ് നസറുല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുല്ല
World News
ഹിസ്ബുല്ല നേതാവ് നസറുല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2024, 5:41 pm

ബെയ്‌റൂട്ട്: ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുല്ല. ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയിലാണ് ശനിയാഴ്ച്ച നടന്ന വ്യോമാക്രമണത്തില്‍ നേതാവ് കൊല്ലപ്പെട്ടതായി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഫലസ്തീന് വേണ്ടിയും ലെബനനിലെ ജനങ്ങളുടെ പ്രതിരോധത്തിനുമായി നടത്തുന്ന പോരാട്ടം തുടരുമെന്നും പ്രസ്താവനയില്‍ ഹിസ്ബുല്ല അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നസ്റുല്ലയുടെ മരണവാര്‍ത്ത അറിയിച്ചതിന് പിന്നാലെ ഹിസ്ബുല്ലയുടെ അല്‍-മനാര്‍ ടി.വിയിലൂടെ ഖുറാന്‍ വാക്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം നസറുല്ലയുടെ മരണം പ്രമാണിച്ച് ഇറാന്‍ മൂന്ന് ദിവസത്തെ ദുഃഖാചാരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാന്‍ പ്രധാനമന്ത്രി ഷിയാ- അല്‍ സുഡാനിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ നസറുല്ലയുടെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്നും ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാന് പുറമെ ഹമാസും ഹിസ്ബുല്ല നേതാവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. ലെബനനിലെയും ഹിസ്ബുല്ലയിലേയും സഹോദരന്മാരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പറഞ്ഞ ഹമാസ് നേതൃത്വം ഇസ്രഈല്‍ ബെയ്‌റൂട്ടിലെ പാര്‍പ്പിട പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങള്‍ അപലപിക്കുകയും ചെയ്തു.

വെള്ളിയാഴ്ച്ച വൈകുന്നേരം ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രഈല്‍ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന് പുറമെ സംഘടനയുടെ കമാന്‍ഡര്‍ അലി അക്കാരി, ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവരേയും വധിച്ചതായി ഇസ്രഈല്‍ സൈന്യം അറിയിച്ചിരുന്നു.

64കാരനായ നസറുല്ല, 32 വര്‍ഷത്തിലേറെയായി ഹിസ്ബുല്ലയുടെ നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇസ്രഈലിന്റെയും അമേരിക്കയുടേയും നിരന്തര വിമര്‍ശകനാണ് നസറുല്ല.

Content Highlight: Hezbollah confirmed the death of Hezbollah leader Nasrallah