തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി ബസ് ഒരു വികാരമായി കൊണ്ട് നടക്കുന്ന നിരവധി പേരുണ്ട്. മറ്റു ബസുകളുണ്ടെങ്കിലും ഇഷ്ടബസിനായി മണിക്കൂറുകള്‍ കാത്തിരിക്കുന്നവര്‍… അങ്ങനെയൊരു ആരാധനയാണ് ഈരാറ്റുപേട്ടക്കാരുടെ ഇഷ്ട ബസായ ആര്‍.ഇ.സി 140 നെ വീണ്ടും ഡിപ്പോയില്‍ തിരിച്ചെത്തിച്ചത്. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് ആലുവക്ക് കൊണ്ടുപോയ ബസിനായി ആരാധികയുടെ ഫോണ്‍കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോണ്‍കോളിനെ തുടര്‍ന്നാണ് ബസ് ഈരാട്ടുപേട്ടയിലേക്ക് തിരിച്ചെത്തിച്ചത്.
പക്ഷേ ഫോണ്‍ ചെയ്ത പെണ്‍കുട്ടി ആരാണെന്ന് ഇന്നു വരെ അജ്ഞാതമായിരുന്നു. എന്നാല്‍ സസ്‌പെന്‍സിന് വിരാമമിട്ട് കെ.എസ്.ആര്‍.ടിസിയുടെ ചങ്കായ ആരാധിക മുന്നോട്ട് വന്നിരിക്കുകയാണിപ്പോള്‍. കോട്ടയത്തെ വിദ്യാര്‍ത്ഥിയായ റോസ്മിയാണ് പരാതിപറയാനായി ഫോണ്‍ ചെയ്തത്. ഫോണ്‍ വിളിയെ തുടര്‍ന്ന് ബസ് ഡിപ്പോയില്‍ തിരികെ എത്തിക്കുകയും എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദ്ദേശപ്രകാരം ബസിന് ചങ്ക് എന്ന് പേരിടുകയും ചെയ്തിരുന്നു. ഫോണ്‍ കോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റോസ്മി താരമായത്. പെണ്‍കുട്ടിയാരാണെന്നുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍മീഡിയ ഇതുവരെ. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍സ് നീക്കി റോസ്മി ഇന്ന് കെ.എസ്.ആര്‍.ടിസി എം.ഡിയെ സന്ദര്‍ശിച്ചത്.
ബസ് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ് ഫോണ്‍ ചെയ്തതെന്നും കെ.എസ്.ആര്‍.ടിസിയുടെ വലിയ ആരാധികയാണ് താനെന്നുമാണ് റോസ്മി മാധ്യമങ്ങളോട് പറഞ്ഞത്.
“എന്നും യാത്ര ചെയ്തിരുന്ന ബസ് ആണത്. സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം എന്നും ആ ബസിലുണ്ടാവും. എന്നും കൃത്യം 9.40നെക്കും. ഒരു ദിവസം പോലും ബസ് ഓട്ടം തെറ്റിച്ചിട്ടില്ല” റോസ്മി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈരാറ്റുപേട്ടയില്‍നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ വണ്ടി തിരികെവേണമെന്ന് ആവശ്യപ്പെട്ടുള്ള, പേര് വെളിപ്പെടുത്താത്ത യാത്രക്കാരിയുടെ ഫോണ്‍വിളി ആലുവ ഡിപ്പോയിലേക്ക് വന്നത്. ആ ബസ് തിരികെ വേണമെന്നും തങ്ങളുടെ ചങ്ക് ബസാണതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. ഫോണ്‍വിളിയെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി ബസ് തിരികെനല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ആരാധികയുടെ സ്‌നേഹപ്രതീകമായ കെ.എസ്.ആര്‍.ടി.സി. ബസിന് “ചങ്ക്” എന്നുപേരിടുകയും ചെയ്തിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബസിന് പേരിടുന്നത്. ബസിന്റെ മുന്നിലും പിന്നിലും ചുവപ്പുനിറത്തില്‍ ഹൃദയചിഹ്നം വരച്ച് അതിനുള്ളില്‍ മഞ്ഞ നിറത്തിലാണ് ചങ്ക് എന്നെഴുതിയിരിക്കുന്നത്.