റൊണാള്‍ഡോ പോയിട്ടും റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടി; മെസിയെ നഷ്ടപ്പെടുത്തിയതിന്റെ ഫലമാണ് ബാഴ്‌സ ഇപ്പോഴും അനുഭവിക്കുന്നത്; കണക്കുകള്‍ ഇങ്ങനെ
Sports News
റൊണാള്‍ഡോ പോയിട്ടും റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടി; മെസിയെ നഷ്ടപ്പെടുത്തിയതിന്റെ ഫലമാണ് ബാഴ്‌സ ഇപ്പോഴും അനുഭവിക്കുന്നത്; കണക്കുകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th October 2022, 4:43 pm

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്ക് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് തോല്‍വിയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. ഇനി ബാഴ്‌സക്ക് യൂറോപ്പ ലീഗ് കളിക്കേണ്ട അവസ്ഥയാണ്.

ഈ മത്സരത്തിന് ശേഷം കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയ ലയണല്‍ മെസിയെച്ചൊല്ലിയുള്ള താരതമ്യങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവും കൂടുതല്‍ പണമിറക്കിയിട്ടും ബാഴ്‌സക്ക് മെസിയെ നഷ്ടപ്പെടുത്തിയതില്‍ നിന്ന് കരകയറാനായിട്ടില്ലെന്നാണ് ചില വിലയിരുത്തലുകള്‍.

റൊണാള്‍ഡോ പോയിട്ടും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചരിത്രമാണ് റിയല്‍ മാഡ്രിഡിനുള്ളതെങ്കില്‍ മെസി പോയതുമുതല്‍ സെവന്‍സ് ഫുട്ബാള്‍ കളിക്കേണ്ട ഗതിയാണ് ബാഴ്‌സയുടേതെന്നാണ് മെസി ആരാധകര്‍ പറയുന്നത്.

ബയേണ്‍ മ്യൂണിക്കുമായുള്ള ബാഴ്‌സലോണയുടെ തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ മെസിയുടെ സാന്നിധ്യവും അസാന്നിധ്യവും താരതമ്യപ്പെടുത്തിയ ചര്‍ച്ചകളും നടക്കുന്നുണ്ട്.

ബാഴ്‌സ ബയേണിനോട് ചരിത്രത്തില്‍ ആകെ രണ്ട് തവണ മാത്രമേ ജയിച്ചിട്ടുള്ളു. ആ രണ്ട് കളിയിലും മെസിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. മെസി ഇല്ലാതെ ഇന്നേവരെ ബയേണിനോട് ബാഴ്‌സ ജയിച്ചിട്ടില്ല. 8-2ന് ബയേണിനോട് ബാഴ്‌സ തോല്‍ക്കുന്ന സമയത്തും ഏറ്റവും മികച്ച പ്രകടനം മെസിയുടേതായിരുന്നെന്നും ആരാധകര്‍ പറയുന്നു.

മെസി പുറത്തുപോയതിന് ശേഷം രണ്ടാം തവണയാണ് ബാഴ്‌സക്ക് യൂറോപ്പ ലീഗ് കളിക്കേണ്ട ഗതികേട് വരുന്നത്. മെസി ടീമിലുണ്ടായിരുന്ന 17 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ബാഴ്‌സക്ക് ചാമ്പ്യന്‍സ് ലീഗ് അല്ലാതെ കളിക്കേണ്ടിവന്നിട്ടില്ല.

മുന്‍ താരം സാവി മാനേജറായി ചുമതലയേറ്റെടുത്തതോടെ ടീമില്‍ അഴിച്ചുപണി നടത്തിയെങ്കിലും ലാ ലിഗയിലെ നേട്ടം ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സക്ക് ആവര്‍ത്തിക്കാനായില്ല.

അതേസമയം, 2019-20 സീസണിലെ ചാമ്പ്യന്‍സ് ലീഗിലും തോല്‍വി വഴങ്ങിയായിരുന്നു ബാഴ്സലോണ മടങ്ങിയത്. അന്നും ബയേണ്‍ തന്നെയായിരുന്നു എതിരാളികള്‍.

ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍ 15 പോയിന്റുമായി ബയേണ്‍ ചാമ്പ്യന്‍മാരായപ്പോള്‍ രണ്ടാമതുള്ള ഇന്ററിന് 10 പോയിന്റാണുള്ളത്. മൂന്നാമതുള്ള ബാഴ്സ വെറും നാല് പോയിന്റിലൊതുങ്ങി.