ഭരണഘടനയോട് പോകാന്‍ പറ, മാതൃക പെരുമാറ്റ ചട്ടത്തിന്റെ കാര്യവും നമുക്ക് നോക്കാം; ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസംഗം വിവാദത്തില്‍
മുംബൈ: ഇന്ത്യന്‍ ഭരണഘടനയേയും മാതൃകാ പെരുമാറ്റ ചട്ടത്തേയും അപമാനിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ആയിരുന്നു 2004 മുതല്‍ പാര്‍ലമെന്റ് അംഗമായി തുടരുന്ന റാവത്ത് ഭരണഘടനയെ പരിഹസിച്ചത്.
‘ഇത് തെരഞ്ഞെടുപ്പ് കാലമാണ്. അത് കൊണ്ടു തന്നെ നമ്മളെ നിരന്തരം മാതൃകാ പെരുമാറ്റ ചട്ടത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ മാതൃകാ പൊരുമാറ്റ ചട്ടത്തെക്കുറിച്ച് നമ്മളില്‍ എല്ലായ്‌പ്പോഴു ഭയമുണ്ടാവും. ആദ്യം തന്നെ പറയട്ടെ നമ്മള്‍ നിയമത്തില്‍ വിശ്വസിക്കുന്ന ആളുകളല്ല’- റാവത്ത് പറഞ്ഞു.
‘നമ്മള്‍ അങ്ങനെയാണ്. ഭരണഘടനയോട് പോകാന്‍ പറയൂ. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ കാര്യവും നമുക്ക് നോക്കാം. നമ്മുടെ മനസ്സിലുള്ള കാര്യം നമ്മള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ നമുക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നും’- റാവത്ത് തുടര്‍ന്നു.
റാവത്തിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് സമൂഹ്യ മാധ്യമങ്ങളില്‍ നിന്നുയരുന്നത്. ‘നിയമം പാലിക്കാത്ത ഏറ്റവും മോശം ഗുണ്ടകളാണ് ഇക്കൂട്ടര്‍. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി യാതൊരു കൂസലുമില്ലാതെ നടക്കാന്‍ ഇവര്‍ക്ക് കഴിയും, ആര് അധികാരത്തിലിരുന്നാലും അതു തന്നെയാണ് അവസ്ഥ. നിയമം ലംഘിക്കുന്നത് ഒരു നേട്ടമായാണ് അവര്‍ കാണുന്നത്’- ദിനേശ് ആര്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവ് കുറിക്കുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിലേക്ക് നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. ഏപ്രില്‍ 18, 23, 29 തിയ്യതികളിലായ മറ്റു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കും.