ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം സംസാരിക്കാന്‍ സാധിച്ചില്ല എന്നാല്‍ മന്ത്രിമാരുമായി വിഷയം ചര്‍ച്ചചെയ്തുവെന്ന് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൊതുവില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നാണ് ഓസ്റ്റിന്‍ പറഞ്ഞത്. അഫ്ഗാനിലെ ന്യൂനപക്ഷങ്ങളും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് പ്രത്യേകം എടുത്ത് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി റഷ്യയില്‍ നിന്നും എസ്-400 മിസൈലുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും അദ്ദേഹത്തോട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിച്ചോ എന്നാരാഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റ് മന്ത്രിമാരുമായി സംസാരിച്ചു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
” മറ്റുമന്ത്രിമാരുമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയും അമേരിക്കയും സ്ഥിര പങ്കാളികളാണ്. അവരുടെ സഹകരണം പ്രധാനവുമാണ്. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് പങ്കാളികളായ രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തന്നെയാണ് കരുതുന്നത്,” ഓസ്റ്റിന്‍ പറഞ്ഞു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായാണ് ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് യു.എസ് സര്‍ക്കാര്‍ പ്രതിനിധി ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും വര്‍ദ്ധിപ്പിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കന്‍ സെനറ്ററായ ബോബ് മെനന്‍ഡസ് ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി ലോയ്ഡ് ഓസ്റ്റിനോട് ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ശിഥിലമാകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.