താന്‍ എന്തിനാടോ ഇത്രയും പെട്ടെന്ന് വിരമിച്ചത്? എജ്ജാതി ഇന്നിങ്‌സ്
Cricket
താന്‍ എന്തിനാടോ ഇത്രയും പെട്ടെന്ന് വിരമിച്ചത്? എജ്ജാതി ഇന്നിങ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th January 2024, 10:44 am

സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ദര്‍ബാന്‍ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം. എം.ഐ കേപ്ടൗണിനെതിരെ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 11 റണ്‍സിനായിരുന്നു ദര്‍ബന്‍ സൂപ്പര്‍ ജയന്‍സിന്റെ ജയം.

ദര്‍ബന്റെ ബാറ്റിങ് നിരയില്‍ ഹെന്റിച്ച് ക്ളാസന്‍ നടത്തിയ വെടിക്കെട്ട് ഇന്നിങ്‌സ് ആണ് മത്സരത്തില്‍ ഏറെ ശ്രദ്ധ നേടിയത്. 35 പന്തില്‍ 85 റണ്‍സ് നേടി കൊണ്ടായിരുന്നു ക്ലാസന്റെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളുടെയും എട്ട് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടി യായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

കിങ്സ്മീഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദര്‍ബാന്‍ സൂപ്പര്‍ ജയന്റ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ജയന്റ്‌സിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു കേപ്ടൗണിന്റെ ബാറ്റിങ്.

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ദര്‍ബന് മുന്നില്‍ കേപ് ടൗണ്‍ പടുത്തുയര്‍ത്തിയത്. എം.ഐക്ക് വേണ്ടി റയാന്‍ റിക്കെല്‍ടോണ്‍ 51 പന്തില്‍ 87 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആറ് ഫോറുകളുടെയും ആറ് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

റയാന് പുറമേ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് 14 പന്തില്‍ 31 റണ്‍സ് നേടി മികച്ച ഫിനിഷിങ് നടത്തിയപ്പോള്‍ ടീം ടോട്ടല്‍ 200 കടക്കുകയായിരുന്നു. ദര്‍ബാന്‍ ബൗളിങ് നിരയില്‍ കീമോ പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദര്‍ബാന്‍ 16.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. റണ്‍ റേറ്റ് ആ സമയത്ത് സൂപ്പര്‍ ജയന്റ്‌സിന് അനുകൂലമായതിനാല്‍ ദര്‍ബാന്‍ 11 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഹെന്റിച്ച് ക്‌ളാസന്റെ ഒറ്റയാള്‍ പോരാട്ടമാണ് ദര്‍ബാന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്.

ജയത്തോടെ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ദര്‍ബാന്‍ സൂപ്പര്‍ ജയന്റ്‌സ്. ജനുവരി 13ന് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിനെതിരെയാണ് സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം.

Content Highlight: Heinrich Klaasen great innings in South Africa T-20 League.