കേരളത്തില്‍ വ്യാപക മഴ, നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍
Kerala News
കേരളത്തില്‍ വ്യാപക മഴ, നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ; ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd June 2020, 7:51 am

തിരുവനന്തപുരം: കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക മഴ. നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കാലവര്‍ഷം ശക്തി പ്രാപിച്ചു.

അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയുമായി നിസര്‍ഗ 11:30തോടെ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അര്‍ധരാത്രിയോടെ തീവ്ര ചുഴലിക്കാറ്റായി മാറും.

ഇതോടെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെ നിസര്‍ഗ മഹാരാഷ്ട്രയിലെ റായ്ഗഡിനും ദാമനും ഇടയിലെത്തും. മഹാരാഷ്ട്ര തീരത്ത് 125 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ഇതോടെ മഹാരാഷ്ട്രയുടെ തെക്കന്‍ തീരത്തും ഗുജറാത്തിന്റെ വടക്കന്‍ തീരത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: