അട്ടപ്പാടി: കനത്തമഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷം. അട്ടപ്പാടി വനമേഖലയില്‍ തെരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് പത്തംഗം പൊലീസ് സംഘമാണ് വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. നക്‌സല്‍ വിരുദ്ധ സേനയിലെ അഞ്ചുപേരും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയിലെ നാല്‌പേരും ഒരു എസ്.ഐയുമാണ് ഈ സംഘത്തിലുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക