Advertisement
Nipah virus
നിപ്പ വൈറസ് ഉറവിടം കിണര്‍ വെള്ളമെന്ന് നിഗമനം: മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലിനെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 21, 05:54 am
Monday, 21st May 2018, 11:24 am

 

കോഴിക്കോട്: നിപ്പ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തിലൂടെയെന്ന് നിഗമനം. വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വവ്വാലുകള്‍ പുറത്തുപോകാതിരിക്കാന്‍ കിണര്‍ മൂടിയിട്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പേരാമ്പ്ര ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. മൂസയുടെ മക്കളായ സാലിഹും സാബിത്തും വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

മൂസയുടെ കുടുംബത്തിലെ മൂന്ന് മരണവും നിപ്പാ വൈറസ് ബാധയെ തുടര്‍ന്നു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂസയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്നുവൈകുന്നേരമേ ഇതിന്റെ ഫലം ലഭിക്കൂവെന്നും അതിനുശേഷം മാത്രമേ വൈറസ് ബാധയാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും മന്ത്രി പറഞ്ഞു.


Also Read:ദേശീയ ഗാനം പ്ലേ ചെയ്തപ്പോള്‍ ഇറങ്ങിപ്പോയ നേതാക്കളോട് സംഘികള്‍ക്ക് ഒന്നും ചോദിക്കാനില്ലേ ?


 

എട്ടുപേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ജനത്തിനുണ്ടായ ആശങ്കയും ഭയവും പരിഹരിക്കാന്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്( 04952376063). ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പടെ പനി ക്ലിനിക്ക് ആരംഭിക്കാന്‍ ഉന്നത ജില്ല കലക്ടറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ളിടത്ത് ഐസോലേഷന്‍ വാര്‍ഡുകളും തുറക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായവും തേടിയിട്ടുണ്ട്. അടിയന്തിര തീരുമാനങ്ങളെടുക്കാന്‍ കലക്ടര്‍, ഡി.എം.ഓ വി. ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ പ്രത്യേക സംഘം പരിശോധന നടത്തും.