മുംബൈ: മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടകവസ്തു നിറച്ച വാഹനത്തിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കൃത്യമായ തെളിവ് ലഭിക്കുന്നത് വരെ ഇത്തരം പ്രചരണം നടത്തരുതെന്നും ഉദ്ദവ് പറഞ്ഞു.
സച്ചിന്‍ വാസെ ഒസാമ ബിന്‍ലാദന്‍ അല്ലല്ലോ. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് ശരിയല്ല. കേസന്വേഷണം പൂര്‍ത്തിയാകട്ടെ. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സര്‍ക്കാര്‍ പക്ഷം.
സച്ചിന്‍ വാസെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാന്‍സുഖിന്റെ ഭാര്യ രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
സച്ചിന്‍ വാസെ മുമ്പ് ശിവസേനയില്‍ അംഗമായിരുന്നുവെന്നും അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ വാഹനത്തിന്റെ ഉടമയായ മാന്‍സുഖ് ഹിരേനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം.
ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ സ്‌കോര്‍പ്പിയോ എസ്.യു.വി വാഹനമാണ് കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡ് എത്തി വാഹനം പരിശോധിച്ച ശേഷം സ്‌ഫോടകവസ്തുക്കള്‍ മാറ്റുകയായിരുന്നു. ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനമുടമയായ മാന്‍സുഖിനെ പൊലീസ് ചോദ്യം ചെയ്തത്. വഴിയില്‍ വെച്ച് കേടായ തന്റെ വാഹനം നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നുവെന്നും പിറ്റേന്ന് രാവിലെ വന്നപ്പോള്‍ വാഹനം അവിടെ ഇല്ലായിരുന്നുവെന്നുമാണ് മാന്‍സുഖ് പൊലീസിന് നല്‍കിയ മൊഴി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക