ടെക്‌സാസ്: എല്ലാവരും പരിഹസിക്കുന്നത് പോലെ രാഹുല്‍ ഗാന്ധി ‘പപ്പു’ അല്ല, പകരം അദ്ദേഹമൊരു ദാര്‍ശനികനാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ. തിങ്കളാഴ്ച ടെക്‌സാസില്‍ നടന്ന ഇന്ത്യന്‍ ഡയസ്‌പോറ പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ സ്ട്രാറ്റജിസ്റ്റ്, ഡീപ്പ് തിങ്കര്‍ എന്നിങ്ങനെയുള്ള വാക്കുകളോടുകൂടിയാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ഞാന്‍ നിങ്ങളോട് പറയുന്നു, അവന്‍ പപ്പു അല്ല, അവന്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളാണ്. ഏത് വിഷയത്തെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന ഒരു സ്ട്രാറ്റജിസ്റ്റാണ് അദ്ദേഹം,’ സാം പിത്രോഡ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയെ എതിര്‍പാര്‍ട്ടി നേതാക്കള്‍ പരിഹസിക്കുന്നതിനായി പലപ്പോഴും ഉപയോഗിക്കുന്ന ‘പപ്പു’ ടാഗിനെതിരെയാണ് പിത്രോഡ സംസാരിച്ചത്.
വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ അജണ്ടയെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ ചെറുക്കലാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്നും പിത്രോഡ പറഞ്ഞു. വൈവിധ്യത്തിനാണ് രാഹുല്‍ ഗാന്ധി പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം അത്ര ലളിതമല്ലെന്നും ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ നിരവധി ആളുകള്‍ ശ്രമിക്കുന്നതുകൊണ്ടു തന്നെ ജനാധിപത്യത്തെ സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് നമ്മളെപോലുള്ള ആളുകളാണെന്നും പിത്രോഡ വ്യക്തമാക്കി.
അതേസമയം നാല് ദിവസത്തെ അനൗദ്യോഗിക സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധി ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ ഇന്ത്യന്‍ പൗരന്മാരുമായും യു.എസ് നിയമനിര്‍മാതാക്കളെയും സന്ദര്‍ശിച്ചു. ടെക്‌സാസ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റികളുടെയും സമ്മേളനത്തിലും സംസാരിച്ചിരുന്നു. സെപ്തംബര്‍ എട്ടുമുതല്‍ ആരംഭിച്ച അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇനിയും രണ്ട് ദിവസങ്ങള്‍ ബാക്കിയുണ്ട്.
Content Highlight: he is not a pappu as everyone mocks him, rahul gandhi is a philosopher: sam pitroda