ലക്‌നൗ: ഹാത്രാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ സംസ്‌കരിച്ചതിനെ കോടതി നിശിതമായി വിമര്‍ശിച്ചു.
‘ഇത്തരത്തില്‍ സ്വന്തം മകളെ സംസ്‌കരിക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ? സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു പെണ്‍കുട്ടിയെങ്കില്‍ ഇത്തരത്തിലാണോ നിങ്ങള്‍ പെരുമാറുക?’, യു.പി എ.ഡി.ജി പ്രശാന്ത് കുമാറിനോട് ഹൈക്കോടതി ചോദിച്ചു.
ജസ്റ്റിസ് പങ്കജ് മിത്തലും രാജന്‍ റോയിയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ കനത്ത സുരക്ഷാവലയത്തിലാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചില്‍ എത്തിച്ചത്.
ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം പൊലീസ് സംസ്‌കരിച്ചതെന്ന് കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചു. അസാധാരണ സാഹചര്യത്തിലായിരുന്നു അതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക