വിദ്വേഷ പ്രസംഗങ്ങള്‍ മതേതര ഘടനയെ ബാധിക്കും; പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് സുപ്രീംകോടതി
national news
വിദ്വേഷ പ്രസംഗങ്ങള്‍ മതേതര ഘടനയെ ബാധിക്കും; പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th April 2023, 8:42 pm

ന്യൂദല്‍ഹി: പരാതികളില്ലെങ്കിലും വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, കെ.എം ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് കോടതി നിരീക്ഷിച്ചു. 2022 ഒക്ടോബറിലും സമാനമായ നിരീക്ഷണങ്ങള്‍ കോടതി നടത്തിയിരുന്നു. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായാല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും സുപ്രീംകോടതി അന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ ഒരു മതേതര രാജ്യമായാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കിയാണ് ഉത്തര്‍ പ്രദേശ്, ദല്‍ഹി, ഉത്തരാഖണ്ഡ് എന്നീ ഭരണകൂടങ്ങള്‍ക്ക് 2022ല്‍ കോടതി വിദ്വേഷ പ്രസംഗങ്ങളില്‍ കാലതാമസമുണ്ടാകാതെ കേസെടുക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയത്.

ജഡ്ജിമാര്‍ക്ക് രാഷ്ട്രീയമൊന്നുമില്ലെന്നും അവര്‍ക്ക് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പ്രധാനമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പൊതുജനങ്ങളുടെ നന്മയും ശരിയായ നിയമവാഴ്ചയും ലക്ഷ്യമാക്കിക്കൊണ്ടാണ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കോടതി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുള്ള സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ ഉത്തര്‍ പ്രദേശ്, ദല്‍ഹി, ഉത്തരാഖണ്ഡ് ഭരണകൂടങ്ങള്‍ക്ക് വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദേശങ്ങള്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് അബ്ദുള്ള കോടതിയെ സമീപിച്ചത്.

Content Highlights: Hate speech can affect the secular fabric; case must file if there is no complaint; SC