തനിഷ്‌ക് പരസ്യം പിന്‍വലിച്ചിട്ടും കലിയടങ്ങാതെ ഹിന്ദുത്വ ഗ്രൂപ്പുകള്‍: 'മാപ്പ് പറഞ്ഞില്ലെങ്കില്‍ പാപ്പരാകാന്‍ കാത്തിരുന്നോളൂ'
national news
തനിഷ്‌ക് പരസ്യം പിന്‍വലിച്ചിട്ടും കലിയടങ്ങാതെ ഹിന്ദുത്വ ഗ്രൂപ്പുകള്‍: 'മാപ്പ് പറഞ്ഞില്ലെങ്കില്‍ പാപ്പരാകാന്‍ കാത്തിരുന്നോളൂ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 9:10 am

മുംബൈ: പരസ്യം പിന്‍വലിച്ച ശേഷവും തനിഷ്‌കിനെ വെറുതെ വിടാതെ ഹിന്ദുത്വ ഗ്രൂപ്പുകള്‍. പരസ്യം പിന്‍വലിച്ചാല്‍ പോര മാപ്പ് പറയണമെന്നാണ് ഇപ്പോള്‍ ട്വിറ്ററില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ക്യാംപെയ്ന്‍. #Apology എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കുകയാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ പാപ്പരാകാന്‍ കാത്തിരുന്നോളൂ എന്നുള്ള ഭീഷണി ട്വീറ്റുകള്‍ വരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിന്റെ കഥയായിരുന്നു  തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി.

തുടര്‍ന്ന് ബോയ്‌ക്കോട്ട് തനിഷ്‌ക് തുടങ്ങിയ ക്യാംപെയ്‌നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.

ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഒന്നിച്ചു വരുന്നതിന്റെയും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ഐക്യത്തിന്റെയും സൗന്ദര്യം ആഘോഷിക്കുക എന്നതായിരുന്നു തനിഷ്‌കിന്റെ ഏകത്വം എന്ന ആഭരണ സീരിസിന്റെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗുരുതര പ്രതികരണമാണ് ഉണ്ടായത്. ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. ഞങ്ങളുടെ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ആലോചിച്ചുക്കൊണ്ട് പരസ്യം പിന്‍വലിക്കുകയാണെന്നായിരുന്നു തനിഷ്‌കിന്റൈ പ്രസ്താവന.


ഇതേ തുടര്‍ന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത് മാപ്പ് ആണെന്നും എന്നാല്‍ തനിഷ്‌ക് ഇരവാദം കളിക്കുകയാണെന്നും ഹിന്ദുക്കളെ കുറ്റപ്പെടുത്തുകയാണെന്നും ആരോപിച്ചുക്കൊണ്ട് ട്വിറ്ററില്‍ വീണ്ടും ക്യാംപെയ്ന്‍ ശക്തമായത്. നിരുപാധികം മാപ്പ് പറയും വരെ തനിഷ്‌കിനെ വെറുതെ വിടില്ലെന്നും ട്വീറ്റുകള്‍ പറയുന്നു.

‘2700 കോടി ഒരൊറ്റ ദിവസം കൊണ്ട് നഷ്ടം വന്നിട്ടും മതിയായിട്ടില്ല.പാപ്പരാകാന്‍ ഉറപ്പിച്ചിരിക്കുകയാണെന്ന് തോന്നുന്നു തനിഷ്‌ക്. എന്നാല്‍ പിന്നെ അങ്ങനെ തന്നെയായിക്കോട്ടെ’ എന്നാണ് ഒരു ട്വീറ്റ്.

‘ഇതാണ് പരസ്യം പിന്‍വലിച്ചുക്കൊണ്ട് തനിഷ്‌ക് പുറത്തിറക്കിയ പ്രസ്താവനയുടെ പരിഭാഷ: അവരുടെ അജണ്ട കുത്തിനിറച്ചുവെച്ചതിന് എല്ലാ ന്യായീകരണവുമായി. പിന്നെ നിങ്ങള്‍ ഞങ്ങളെ കൊല്ലുമെന്നതുകൊണ്ട് പരസ്യം പിന്‍വലിക്കുന്നു…മാപ്പ് പറയാനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. തിരിച്ചുകിട്ടിയതോ ഇരവാദവും കുറപ്പെടുത്തലും.’ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

അതേസമയം സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തനിഷ്‌കിന് പിന്തുണയുമായി എത്തിയിരുന്നു. ഹിന്ദു-മുസ്ലിം സാഹോദര്യം വിഷയമാവുന്ന മനോഹരമായ പരസ്യമാണ് ഇതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്.

‘മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്ലിം ഐക്യം ഉയര്‍ത്തിക്കാട്ടിയതിന് തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? ‘ ശശി തരൂര്‍ ട്വീറ്റ് ചെയ്തു. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പരസ്യം ഷെയര്‍ ചെയ്തുക്കൊണ്ട് പിന്തുണ അറിയിച്ചിരുന്നു.

ഹിന്ദു മുസ്‌ലിം ഐക്യം പ്രമേയമായി വരുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്‍പും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഹോളിയുടെ ഭാഗമായി സര്‍ഫ് എക്‌സല്‍ ഇറക്കിയ പരസ്യം പിന്‍വലിക്കണമെന്നും കമ്പനി നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാലും സര്‍ഫ് എക്‌സല്‍ പരസ്യം പിന്‍വലിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hate Campaign continues against Tanishq’s new Hindu-Muslim unity ad even after withdrawal, Hindutva groups asks for apology