'നുപുര്‍ ശര്‍മയെ വിമര്‍ശിച്ചവരെ പുറത്താക്കണം, ജസ്റ്റിസ് സൂര്യകാന്ത് ജിഹാദി' ; സമൂഹമാധ്യമങ്ങളില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ഹേറ്റ് ക്യാമ്പെയിന്‍
national news
'നുപുര്‍ ശര്‍മയെ വിമര്‍ശിച്ചവരെ പുറത്താക്കണം, ജസ്റ്റിസ് സൂര്യകാന്ത് ജിഹാദി' ; സമൂഹമാധ്യമങ്ങളില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ഹേറ്റ് ക്യാമ്പെയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd July 2022, 4:08 pm

ന്യൂദല്‍ഹി: നുപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ജഡ്ജിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഉദയ്പൂര്‍ കൊലപാതകത്തിനെതിരെ പ്രതികരിക്കാതിരുന്ന സുപ്രീം കോടതി നുപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ട്വിറ്ററില്‍ ജസ്റ്റിസ് കാന്ത്(#justicekant) എന്ന ഹാഷ്ടാഗോടെ നിരവധി പേരാണ് ജസ്റ്റിസ് സൂര്യകാന്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സുപ്രീം കോടതി ജഡ്ജിമാരായ സൂര്യകാന്ത്, പര്‍ദിവാല തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം നുപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നുപുര്‍ ശര്‍മയാണെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി നുപുറിനോട് ആവശ്യപ്പെട്ടിരുന്നു.
മതത്തോടുള്ള പ്രതിബദ്ധതയല്ല ചര്‍ച്ചയ്ക്ക് പോയതിന്റെ കാരണം, മതസ്പര്‍ധ പടുത്തുവിടലാണെന്നും കോടതി പറഞ്ഞു.
ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലും ഏക ഉത്തരവാദി നുപുര്‍ ശര്‍മയാണെന്നും കോടതി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്കെതിരായി സമൂഹമാധ്യമങ്ങളില്‍ ഹേറ്റ് ക്യാമ്പെയ്‌നുകള്‍ സജീവമായത്.

ജസ്റ്റിസ് സൂര്യകാന്ത് ജിഹാദിയാണെന്നും മുസ്‌ലിങ്ങളായ പ്രതികള്‍ നടത്തിയ ഉദയ്പൂര്‍ കൊലപാതകം സൂര്യകാന്തിന്റെ കണ്ണില്‍ കാണുന്നുണ്ടാകില്ലെന്നതുള്‍പ്പെടെ നിരവധി പേരാണ് പല വിധ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നുപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചവരെ പുറത്താക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

Content Highlight: Hate campaign against supreme court judges being widely spread in social media