ഹരിയാന ഫലം പ്രത്യക്ഷത്തിൽ കോൺഗ്രസിന് വ്യക്തമായ നിരാശയാണ് നൽകുന്നത്. ഇവിടെ ജയിച്ചാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ലഭിച്ച ആവേശം തുടരുകയും മോദിയെ കൂടുതൽ ദുർബലപ്പെടുത്താനുള്ള അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു.
1967ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതി ഒരു വ്യക്തമായ ഘടകമാണ്. ഇതിനുമുമ്പ്, ഉയർന്ന ജാതിയിൽപെട്ടവരാണ്. രാഷ്ട്രീയത്തിൻ്റെ മിക്കവാറും എല്ലാ മേഖലകളും നിയന്ത്രിച്ചിരുന്നത്. എന്നിരുന്നാലും, 1960 കളിൽ തുടങ്ങി, പല പിന്നോക്ക ജാതികളും അധികാരം ആവശ്യപ്പെട്ട് മുന്നിട്ടിറങ്ങി. 1990കളോടെ ദളിതർക്കും അധികാരത്തിൽ പങ്കാളിത്തം കിട്ടിത്തുടങ്ങി.
ചുരുക്കി പറഞ്ഞാൽ തെരഞ്ഞെടുപ്പ് എന്നത് ജയിക്കാനായി ആവശ്യമുള്ള ജാതികളെയും വിഭാഗക്കാരെയും സ്വാധീനിക്കുക, അവർക്ക് പ്രത്യക്ഷത്തിൽ അധികാരം നൽകുക എന്നാതായി മാറി തുടങ്ങി. വിവിധ ഹൈന്ദവ വിഭാഗത്തിൽപ്പെട്ട ജാതി ഉപജാതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന തന്ത്രമാണ് ബി.ജെ.പിയുടേത്.
ഹിന്ദുത്വത്തെ ഉപയോഗിക്കുന്നതിനായി ജാതിയുടെ മിത്തുകളെ ബി.ജെ.പി സൂക്ഷ്മയോടെ ഉയർത്തിയിട്ടുണ്ട്. എഡി 1034-ൽ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഗസ്‌നാവിഡ് കമാൻഡർ ഖാസി സയ്യിദ് സലാർ മസൂദിനെ വധിച്ചതായി കരുതപ്പെടുന്ന പുരാണ രാജാവാണ് സുഹൽദേവ്. അദ്ദേഹത്തിന്റെ പിൻതലമുറക്കാരെന്ന് അവകാശപ്പെടുന്ന ചില ജാതി വിഭാഗങ്ങളെ ആകർഷിക്കാൻ ബി.ജെ.പി പലപ്പോഴും ഇത്തരം മിത്തുകൾ ഉപയോഗിക്കാറുണ്ട്.
അതിന് വേണ്ടിയാണ് 2021 ഫെബ്രുവരി 16-ന് ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ മഹാരാജ സുഹൽദേവ് സ്മാരകത്തിൻ്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയതും , അതിൽ മഹാരാജ സുഹൽദേവിൻ്റെ കുതിരപ്പുറത്തിരിക്കുന്ന പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും. യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ സുഹൽദേവിൻ്റെ ജന്മദിനം ആഘോഷിക്കുകയും ഔദ്യോഗിക കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം ഈ സത്യം ഊട്ടിയുറപ്പിക്കുന്നു. വോട്ടർമാർ ‘വിസ്മയം’ തീർത്തു. എക്‌സിറ്റ് പോളുകൾക്കും ഗ്രൗണ്ട് റിപ്പോർട്ടിങ്ങിനും വിരുദ്ധമായി ബി.ജെ.പി സംസ്ഥാനത്ത് വിജയിച്ചു. കോൺഗ്രസ് തോറ്റു. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ വ്യക്തമായ ജനവിരുദ്ധത ഉണ്ടായിരുന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു?
അതിനുള്ള ഉത്തരമാണ് ബി.ജെ.പിയുടെ തന്ത്രപരമായ ജാതി രാഷ്ട്രീയം. ഹരിയാനയുടെ രാഷ്ട്രീയം സവിശേഷമാണ്. ഒരൊറ്റ ജാതിയാണ് രാഷ്ട്രീയമായി സംസ്ഥാനത്ത് ആധിപത്യം പുലർത്തുന്നത്. ജാട്ടുകൾ. ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്നവരും, സംസ്ഥാനത്തെ ഗ്രാമീണ സമൂഹത്തിൽ ഉയർന്ന സാമൂഹിക പദവിയുള്ളവരും ഭൂരിഭാഗം ഹരിയാന മന്ത്രിമാരും, ഭൂമി ഉടമസ്ഥരും ഈ ജാതിയിൽ നിന്നുള്ളവരാണ്.
2014ൽ ബി.ജെ.പി ഈ ആധിപത്യം സമർത്ഥമായി തലകീഴായി മാറ്റി. ജാട്ടുകളുടെ ആധിപത്യത്തോട് നീരസമുള്ള ചെറിയ ജാതികളുടെ ഒരു കൂട്ടുകെട്ടിനെ അവർ ഒരുമിച്ച് ചേർത്തു. ഈ കൂട്ടുകെട്ടാണ് ഹിന്ദുത്വ പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസിന് ജാട്ടുകളുമായി കുറച്ച്കൂടി അടുപ്പം ഉള്ളത് പോലെ തോന്നിപ്പിക്കുകയും ജാട്ടുകളുടെ പുനർഭരണത്തെക്കുറിച്ച് മറ്റ് ജാതി വിഭാഗങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാനും ബി.ജെ.പിക്ക് സാധിച്ചു.
ജാട്ട് ആധിപത്യത്തെ ഭയക്കുന്ന മറ്റ് ജാതികളിൽപ്പെട്ടവരിൽ കോൺഗ്രസിന്റെ ജാട്ട് സൗഹൃദം പരിഭ്രാന്തി സൃഷ്ടിച്ചു. 2016 അവസാനത്തോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണം ആവശ്യപ്പെട്ട് ജാട്ടുകൾ നടത്തിയ വ്യാപകമായ അക്രമങ്ങൾ സംസ്ഥാനം കണ്ടിരുന്നു. ഈ സംഭവം ബി.ജെ.പിയുടെ ജാട്ട് ഇതര പ്ലാറ്റ്‌ഫോമിനെ ശക്തിപ്പെടുത്തി.
2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രധാന തിരിച്ചടികൾ ഉണ്ടായത് ഹൃദയഭൂമിയായ ഉത്തർപ്രദേശിലെ പിന്നാക്ക ജാതിക്കാരിൽ നിന്നും ദളിതരിൽ നിന്നുമാണ്. അതിനാൽ തന്നെ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയിൽ ജാതി അടിസ്ഥാനമാക്കിയുള്ള അണിനിരത്തലിൻ്റെ ജാഗ്രത വ്യക്തമാണ്. അതിന്റെ ഫലമാണ് ഹരിയാന തെരഞ്ഞെടുപ്പിൽ കണ്ടത്.
എന്തുതന്നെയായായലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതി നിലനിൽക്കും എന്നതിന്റെ നേർസാക്ഷ്യമായി മാറിയിരിക്കുകയാണ് ഹരിയാന തെരഞ്ഞെടുപ്പ്.
Content Highlight: Haryana is a reminder how firmly Indian politics is controlled by caste