ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഏറ്റവുമധികം അലട്ടുന്നത് ബൗളര്‍മാരുടെ മോശം ഫോമാണ്. കളിക്കുന്ന എല്ലാ മത്സരത്തിലും ഇവര്‍ ഒന്നൊഴിയാതെ ചെണ്ടകളാകുന്നത് ടീമിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
ഏഷ്യാ കപ്പിന് ശേഷം നടന്ന ഇന്ത്യയുടെ രണ്ട് പരമ്പരകളും എടുത്ത് നോക്കിയാല്‍ തന്നെ ബൗളര്‍മാരുടെ ദൗര്‍ബല്യം വ്യക്തമാകും.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യയുടെ പേസര്‍മാരെല്ലാം തന്നെ റണ്‍ വിട്ടുകൊടുക്കുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. പത്തിലധികമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ എക്കോണമി.
ഇന്ത്യന്‍ നിരയില്‍ ഏറെ നിരാശപ്പെടുത്തിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ പട്ടേല്‍ ആ പ്രതീക്ഷയാകെ തെറ്റിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇപ്പോള്‍ പുറത്തെടുക്കുന്നത്.
ഒരു പിശുക്കും കൂടാതെ റണ്‍സ് വിട്ടുകൊടുക്കുന്നതിനിടയില്‍ ഒരു മോശം റെക്കോഡും താരത്തെ തേടി എത്തിയിരിക്കുകയാണ്.
ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ബൗളര്‍ എന്ന റെക്കോഡാണ് ഹര്‍ഷല്‍ പട്ടേല്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. എക്കോണമി റേറ്റിന്റെ കാര്യത്തിലും താരം തന്നെയാണ് മുമ്പില്‍.
ക്രിക്കറ്റ് കലണ്ടറില്‍ 2022 എന്ന വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസവും നിരവധി മത്സരങ്ങളും ബാക്കി നില്‍ക്കെയാണ് ഹര്‍ഷല്‍ ഈ മോശം റെക്കോഡ് തന്റെ പേരിലാക്കിയിരിക്കുന്നത്.
പാക് താരം ഹാരിസ് റൗഫിന്റെ പേരിലുള്ള മോശം റെക്കോഡാണ് ഹര്‍ഷല്‍ ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്.