2024 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് മിന്നും വിജയം. ക്രോയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സാബെഗ്രിനെ രണ്ടിനെതിരെ ഒമ്പത് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്‍മാര്‍ തകര്‍ത്തുവിട്ടത്.
ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ ബയേണിനായി ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി കെയ്ന്‍ ഹാട്രിക് അടക്കം നാല് ഗോളുകള്‍ നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
മത്സരത്തില്‍ 19, 57, 73, 79 എന്നീ മിനിട്ടുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍ പിറന്നത്. ഇതില്‍ മൂന്ന് ഗോളുകളും താരം പെനാല്‍ട്ടിയിലൂടെയാണ് നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് കെയ്ന്‍ സ്വന്തമാക്കിയത്. 45 മത്സരങ്ങളില്‍ നിന്നും 33 ഗോളുകളാണ് കെയ്ന്‍ ചാമ്പ്യന്‍സ് ലീഗില്‍ നേടിയത്.
30 ഗോളുകള്‍ നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസം വെയ്ന്‍ റൂണിയെ മറികടന്നുകൊണ്ടാണ് കെയ്ന്‍ ചരിത്രംകുറിച്ചത്. റെഡ് ഡെവിള്‍സിനായി 85 മത്സരങ്ങളില്‍ നിന്നുമാണ് റൂണി 30 ഗോളുകള്‍ നേടിയത്.
കെയ്‌നിന് പുറമെ റാഫേല്‍ ഗുറേരോ 33, മൈക്കല്‍ ഒലീസ് 38, 61, ലിയോറി സനെ 85, ലിയോണ്‍ ഗൊറെട്‌സ്‌ക 90+2 എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ട മറ്റ് താരങ്ങള്‍. ബ്രൂണോ പെറ്റ്‌കോവിച്ച് 48, തകുയ ഒഗിവാര 50 എന്നിവരാണ് ഡൈനാമോക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് പോയിന്റ് ടേബിളില്‍ മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും ബയേണിന് സാധിച്ചു. ബുണ്ടസ് ലീഗയില്‍ സെപ്റ്റംബര്‍ 21ന് വെര്‍ഡര്‍ ബ്രമെനെതിരെയാണ് ജര്‍മന്‍ വമ്പന്‍മാരുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ വെസെര്‍സ്റ്റേഡിയനിലാണ് മത്സരം നടക്കുക.
Content Highlight: Harry Kane Historical Achievement in UCL