IPL
ഒന്നുകില്‍ ശാപം തുടരും അല്ലെങ്കില്‍ രാജസ്ഥാന്‍ പടിക്കല്‍ കലമുടയ്ക്കും; ചിന്നസ്വാമിയിലെ പോയിന്റ് ദാനശീലര്‍ രാജസ്ഥാനെയും തുണയ്ക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 11:34 am
Thursday, 24th April 2025, 5:04 pm

ഐ.പി.എല്ലിലെ മറ്റൊരു പേ ബാക്ക് മത്സരത്തിനാണ് കളമൊരുങ്ങുന്നത്. പോയിന്റ് പട്ടികയില്‍ മുന്നേറാനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ‘അടിവാരത്ത്’ നിന്നും കരകയറാന്‍ ശ്രമിക്കുന്ന രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

സീസണില്‍ നേരത്തെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് രണ്ട് പോയിന്റ് നേടിയിരുന്നു. അന്ന് നഷ്ടപ്പെടുത്തിയ പോയിന്റ് തിരികെ പിടിക്കാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.

സീസണിലെ ഇതുവരെയുള്ള പാറ്റേണ്‍ കണക്കിലെടുക്കുമ്പോള്‍ ഈ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയിക്കാനാണ് സാധ്യതകള്‍. കാരണം ഈ സീസണില്‍ സ്വന്തം മണ്ണില്‍ ഇതുവരെ വിജയിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചിട്ടില്ല.

സ്വന്തം തട്ടകത്തില്‍ പര്യടനത്തിനെത്തുന്നത് ഏത് ടീമോ ആകട്ടെ, അവരോട് ചിന്നസ്വാമിയില്‍ പരാജയപ്പെട്ട്, അവരുടെ ഹോം സ്‌റ്റേഡിയത്തില്‍ വിജയിക്കുന്നതാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ രീതി.

ചെപ്പോക്കിലും വാംഖഡെയിലും ഇഡന്‍ ഗാര്‍ഡന്‍സിലും ജയ്പൂരിലും മുല്ലാന്‍പൂരിലും എതിരാളികളുടെ തട്ടകത്തില്‍ കളിച്ച അഞ്ച് മത്സരത്തിലും ജയം സ്വന്തമാക്കിയപ്പോള്‍ സ്വന്തം മണ്ണിലെ മൂന്ന് മത്സരത്തിലും ബെംഗളൂരു തോല്‍വി വഴങ്ങി.

പഞ്ചാബ് കിങ്‌സിനെതിരെയാണ് ബെംഗളൂരു അവസാനം സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടത്. ഈ തോല്‍വിക്ക് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഗ്രൗണ്ടില്‍ ഏറ്റവുമധികം മത്സരങ്ങള്‍ പരാജയപ്പെടുന്ന ടീം എന്ന അനാവശ്യ നേട്ടം ബെംഗളൂരുവിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ചിന്നസ്വാമിയില്‍ ആര്‍.സി.ബിയുടെ 46ാം പരാജയമായിരുന്നു അത്. മറ്റൊരു ടീമും തന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇത്രയധികം മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല.

ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ പരാജയപ്പെടുന്ന ടീം

(ടീം – എത്ര മത്സരങ്ങളില്‍ പരാജയപ്പെട്ടു – വേദി എന്നീ ക്രമത്തില്‍)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 46 – ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 44 – അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 38 – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത

മുംബൈ ഇന്ത്യന്‍സ് – 34 – വാംഖഡെ സ്റ്റേഡിയം

പഞ്ചാബ് കിങ്‌സ് – 30 – മൊഹാലി

എന്നാല്‍ ഈ തോല്‍വിക്കുള്ള മറുപടി പഞ്ചാബിന്റെ തട്ടകത്തിലെത്തി നല്‍കിയാണ് ആര്‍.സി.ബി കരുത്ത് കാട്ടിയത്.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭൂതകാലം രാജസ്ഥാന്‍ റോയല്‍സിന് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും സ്വന്തം പ്രകടനങ്ങളാണ് പിങ്ക് പടയ്ക്ക് വിനയാകുന്നത്. ജയിക്കേണ്ട മത്സരങ്ങള്‍ എങ്ങനെ പരാജയപ്പെടാമെന്ന് ആരാധകര്‍ക്ക് ഒന്നല്ല, രണ്ട് തവണയാണ് ഹല്ലാ ബോല്‍ ആര്‍മി കാണിച്ചുകൊടുത്തത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ എട്ട് റണ്‍സ് മാത്രമെടുത്ത രാജസ്ഥാന്‍ മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചെങ്കിലും മണ്ടത്തരങ്ങള്‍ക്ക് പിന്നാലെ മണ്ടത്തരങ്ങള്‍ മാത്രം കാണിച്ച് പരാജയം ചോദിച്ചുവാങ്ങി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. അവസാന ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത ടീമിന് അവസാന മൂന്ന് ഓവറില്‍ 25 റണ്‍സ് നേടാനാകാതെയാണ് തോല്‍വിയേറ്റുവാങ്ങിയത്. ദല്‍ഹിക്കെതിരായ മത്സരത്തിലേതെന്ന പോലെ അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഈ മത്സരത്തിലും ടീം പരാജയപ്പെട്ടു.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അങ്ങനെയെങ്കില്‍ ശരാശരിക്കും താഴെയായ ടീമിനെ പരാജയപ്പെടുത്തി ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നവരെന്ന ചീത്തപ്പേര് മാറ്റിയെടുക്കാനുള്ള സുവര്‍ണാവസരമാണ് റോയല്‍ ചലഞ്ചേഴ്‌സിന് മുമ്പിലുള്ളത്.

 

Content Highlight: IPL 2025: RCB vs RR: Royal Challengers Bangalore are looking for their first win at the Chinnaswamy Stadium this season.