Advertisement
national news
ഖനിയിലേക്ക് റോഡ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം; അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 11:20 am
Thursday, 24th April 2025, 4:50 pm

ചിക്കബെല്ലാപൂര്‍: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ പ്രതിഷേധക്കാരെ വെടി വെച്ച സംഭവത്തില്‍ നിന്ന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവാദമായ ഒരു ഖനി സ്ഥലത്തേക്ക് റോഡ് നിര്‍മിക്കുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം ആരംഭിച്ചത്.

മുന്‍ ബി.ജെ.പി എം.എല്‍.എ ഐ.വി നാരായണസ്വാമിയുടെ സഹായിയായ കമലേഷ് കുമാര്‍ വെടിയുതിര്‍ത്തെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.

ഖനി ഭൂമി നാരായണസ്വാമിയുടെ കുടുംബത്തിന്റേതാണെന്നാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. പ്രതിഷേധത്തിനിടെ ജില്ലയിലെ കനഗനകൊപ്പ ഗ്രാമത്തിലെ ചിക്കന്‍ രവി എന്നറിയപ്പെടുന്ന ഒരു പ്രദേശവാസിയുടെ നേരെ കുമാര്‍ വെടിയുതിര്‍ത്തതായി ആരോപണമുയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാരും കമലേഷ് കുമാറും തമ്മിലുള്ള സംഘര്‍ഷം അക്രമാസക്തമായതെന്ന് പൊലീസും പ്രാദേശിക വിവരണങ്ങളും പറയുന്നു.

വെടിവെയ്പ്പ് ഗ്രാമവാസികള്‍ക്കിടയില്‍ വ്യാപകമായ രോഷത്തിന് കാരണമായി. ഇതേതുടര്‍ന്ന് അവരില്‍ പലരും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് ഒരു സ്പെഷ്യല്‍ പൊലീസ് സേനയെ വിന്യസിക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുകയായിരുന്നു.

സംഭവത്തിന് നടപടിയായി കമലേഷ് കുമാറിനെയും മറ്റ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പുമായി ബന്ധപ്പെട്ട മുഴുവന്‍ സാഹചര്യങ്ങളും മറ്റ് വ്യക്തികളുടെ പങ്കാളിത്തവും കണ്ടെത്താന്‍ നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

റോഡ് നിര്‍മാണ പദ്ധതി ഒരു തര്‍ക്ക വിഷയമാണെന്നും ഇത് പരിസ്ഥിതി നശിക്കാനും കൃഷിഭൂമി നഷ്ടപെടുന്നതിനും കാരണമാവുമെന്നും ഗ്രാമവാസികള്‍ ആശങ്ക പ്രകടിപ്പിച്ചു.

Content Highlight: Karnataka police arrest five people protesting against construction of road to mine