വീഡിയോ; അമ്പയറിന്റെ മുഖത്തെ ചമ്മല്‍ ഒന്ന് കാണേണ്ടതുതന്നെ; 'വൈഡിന് റിവ്യൂ'വുമായി ഹര്‍മന്‍, നിറഞ്ഞചിരിയോടെ ക്രിക്കറ്റ് ലോകം
WPL
വീഡിയോ; അമ്പയറിന്റെ മുഖത്തെ ചമ്മല്‍ ഒന്ന് കാണേണ്ടതുതന്നെ; 'വൈഡിന് റിവ്യൂ'വുമായി ഹര്‍മന്‍, നിറഞ്ഞചിരിയോടെ ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th March 2023, 11:39 am

കഴിഞ്ഞ ദിവസം നടന്ന ഡബ്ല്യൂ.പി.എല്ലിലെ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. അമ്പയറിന്റെ തീരുമാനത്തിനെതിരെ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ റിവ്യൂ എടുത്തതും അതിന് ശേഷം നടന്ന രസകരമായ സംഭവങ്ങളുമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

മുംബൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ കാലിടറിയിരുന്നു. മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ ഒറ്റയക്കത്തിനും റണ്ണൊന്നും എടുക്കാതെയും പുറത്തായതോടെ ഗുജറാത്ത് അപകടം മണത്തു.

ടീം സ്‌കോര്‍ 27ല്‍ നില്‍ക്കവെ തന്നെ ഏഴാം വിക്കറ്റും വീണപ്പോള്‍ ഗുജറാത്ത് ഏറെക്കുറെ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ ആറാമതായി ഇറങ്ങിയ ഡി. ഹേമലത പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു.

മത്സരത്തിന്റെ 13ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ അമ്പയറിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. സയ്ക ഇഷാഖ് എറിഞ്ഞ പന്തില്‍ പതിനൊന്നാം നമ്പറില്‍ ഇറങ്ങിയ മോണിക പട്ടേല്‍ ലെഗ് സൈഡിലേക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാല്‍ ഇത് വൈഡ് ആണെന്ന് അമ്പയര്‍ വിധിച്ചു.

 

എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് ഉറപ്പിച്ച ഹര്‍മന്‍ റിവ്യൂ എടുക്കുകയായിരുന്നു. വൈഡിനും നോ ബോളിനും റിവ്യൂ എടുക്കാം എന്ന ഡബ്ല്യൂ.പി.എല്ലിന്റെ പുതിയ നിയമപ്രകാരമാണ് താരം റിവ്യൂ എടുത്തത്. ഇതിനിടെ പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് മോണിക പട്ടേലും പറഞ്ഞു.

ഇതോടെ ഗ്രൗണ്ടില്‍ നിറഞ്ഞ ചിരിയായി. തന്റെ തീരുമാനം തെറ്റിയെന്ന് മനസിലാക്കിയ അമ്പയര്‍ അല്‍പം ചമ്മലോടെയാണ് തീരുമാനമെടുക്കാന്‍ തേര്‍ഡ് അമ്പയറിനോട് ആവശ്യപ്പെട്ടത്. അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് ഉള്ളതായി കാണുകയും ചെയ്‌തോടെ അമ്പയര്‍ തീരുമാനം മാറ്റി.

നോ ബോളിനും വൈഡിനും റിവ്യൂ എടുക്കാം എന്ന തീരുമാനത്തെ ആരാധകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഒടുവില്‍ ഒമ്പത് പന്തില്‍ നിന്നും പത്ത് റണ്‍സുമായി നില്‍ക്കവെ സയ്ക ഇഷാഖിന് തന്നെ വിക്കറ്റ് നല്‍കിയാണ് മോണിക മടങ്ങിയത്. ഗുജറാത്ത് നിരയില്‍ ഏറ്റവുമയര്‍ന്ന രണ്ടാമത് സ്‌കോറായിരുന്നു ഇത്. ടീമില്‍ രണ്ടക്കം കടന്ന രണ്ടാമത് ബാറ്ററും മോണിക്കയായിരുന്നു.

ഒടുവില്‍ 15.1 ഓവറില്‍ 64 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ടായി. 143 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ഇതോടെ വനിതാ ടി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വിജയം എന്ന റെക്കോഡും മുംബൈ ഇന്ത്യന്‍സിന് സ്വന്തമായി.

 

Content highlight: Harmanpreet Kaur take DRS for wide in WPL