ആ കഥാപാത്രം പിണറായിയാണോയെന്ന് പലരും ചോദിച്ചു: ഹരീഷ് പേരടി
Entertainment
ആ കഥാപാത്രം പിണറായിയാണോയെന്ന് പലരും ചോദിച്ചു: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd July 2023, 8:50 pm

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവന്‍ എന്ന കഥാപാത്രം മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണോ ചെയ്തതെന്ന് പലരും ചോദിക്കാറുണ്ടെന്ന് ഹരീഷ് പേരടി. ആരെയും റിലേറ്റ് ചെയ്തല്ല താന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അങ്ങനെ ചെയ്താല്‍ മിമിക് സ്വഭാവം കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് വേണ്ടി വടക്കന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ രീതി മനസിലാക്കിയിട്ടുണ്ടെന്നും ഹരീഷ് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഏതെങ്കിലും ഒരു വ്യക്തിയല്ല. ആ കഥാപാത്രത്തിന്റെ പശ്ചാത്തലവും കൈതേരി എന്ന് പറയുന്ന സ്ഥലവുമാണ് എനിക്ക് പ്രചോദനമായത്. ആ സ്ഥലത്തേക്ക് ഞാന്‍ പോയിട്ടുണ്ട്. തലശേരിക്കടുത്തുള്ള സ്ഥലമാണ് കൈതേരി.

കൈതേരി എന്ന് പറയുന്ന സ്ഥലം ഇതില്‍ സാന്ദര്‍ഭികമായി വന്നുവെന്നേയുള്ളൂ. അല്ലാതെ സ്ഥലവുമായി ബന്ധമില്ല. സ്‌ക്രിപ്റ്റ് എവിടെയാണോ അതിനോട് നീതി പുലര്‍ത്തുകയെന്നുള്ളതാണ് പ്രധാനം. അതിന്റെ ഭാഗമായിട്ടാണ് അന്വേഷണം നടത്തിയത്.

പിന്നെ വടക്കന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ രീതി മനസിലാക്കിയാണ് ആ കഥാപാത്രത്തെ സമീപിച്ചത്. ധാരാളം ആളുകള്‍ അത് എം.വി.ആറാണോ പിണറായിയാണോ എന്ന് ചോദിച്ചിട്ടുണ്ട്. കൂടൂതല്‍ ആളുകളും പിണറായിയാണോ എന്നാണ് ചോദിച്ചത്. കാരണം പിണറായി സെക്രട്ടറിയായ സമയത്താണല്ലോ സിനിമ ഇറങ്ങുന്നത്. അതുകൊണ്ടാളുകള്‍ അതാണ് ചോദിച്ചത്.

അതിന് മുമ്പേയുള്ള ആളുകള്‍ക്ക് എം.വി.ആറിനെ അറിയാം. അതിനും മുമ്പുള്ളവര്‍ക്ക് മറ്റാളുകളെ അറിയാം,’ അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും വ്യക്തി മുണ്ട് ഉടുക്കുന്ന രീതിയോ മടക്കി കുത്തുന്ന രീതിയോ അയാളുടെ സംഭാഷണത്തിന്റെ രീതിയോ ഒന്നുമല്ല കൈതേരി സഹദേവന്‍ എന്ന കഥാപാത്രം പിന്തുടര്‍ന്നതെന്നും ഹരീഷ് പറഞ്ഞു. അങ്ങനെയൊക്കെ പിടിച്ച് കഴിഞ്ഞാല്‍ സിനിമ ഭയങ്കര ബോറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ ഒരാളായിട്ടും ഞാന്‍ റിലേറ്റ് ചെയ്തിട്ടില്ല. കാരണം റിലേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് മിമിക്കിന്റെ സ്വഭാവത്തിലേക്ക് പോകും. ആ സിനിമ ഇപ്പോഴും കണ്ടാല്‍ അറിയാം അതിലെവിടെയും ഒരു മിമിക് സാധനം ഇല്ല.

ആ കഥാപാത്രം ആ ചെറിയ പയ്യന്റെ സ്ഥലത്ത് നിന്നാണ് കിട്ടുന്നത്. ചാത്തു എന്ന് പറഞ്ഞ അച്ഛന്‍ കഥാപാത്രം ഞാന്‍ തന്നെയാണ് ചെയ്തത്. അച്ഛന്‍ മരിക്കുമ്പോള്‍ സഹദേവന്‍ കരഞ്ഞ് കൊണ്ടിരിക്കുന്ന കുട്ടിയാണ്. അവനോട് സഹദേവാ നീ കരയണ്ട, ഞാന്‍ പോയിട്ട് തിരിച്ച് വരും, നീ ഇവിടെ കണ്ടുകൊണ്ട് നിന്നോണം എന്ന് ചാത്തു പറയുന്നിടത്താണ് കരച്ചില്‍ നിര്‍ത്തുന്നത്. അവിടെ വെച്ചാണ് സഹദേവന്‍ തുടങ്ങുന്നത്. അവിടെ നിന്നാണ് അവന്‍ കൈതേരി സഹദേവനായി മാറുന്നത്. ആ ഒരു സ്ഥലമാണ് അവന്‍ പിടിക്കുന്നത്.

ഏതെങ്കിലും വ്യക്തി മുണ്ട് ഉടുക്കുന്ന രീതിയോ മടക്കി കുത്തുന്ന രീതിയോ അയാളുടെ സംഭാഷണത്തിന്റെ രീതിയോ ഒന്നുമല്ല. അങ്ങനെയൊക്കെ പിടിച്ച് കഴിഞ്ഞാല്‍ സിനിമ ഭയങ്കര ബോറായിരിക്കും. ഇന്ന് കാണുന്ന പോലെയൊന്നും കാണാന്‍ പറ്റില്ല,’ ഹരീഷ് പേരടി പറഞ്ഞു.

content highlights: hareesh peradi about kaitheri sahadevan